തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാൻ കേരള പൊലീസ് തൃപുരയിലെത്തി

ത്രിപുര: ത്രിപുരയില്‍ നാളെ നടക്കുന്ന തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാൻ കേരള പൊലീസും. തൃശൂരിൽ നിന്നുള്ള നാല് ബറ്റാലിയൻ ഐ.ആര്‍.ബി.ക്കാണ് അഗര്‍തല നഗരത്തിലെ ബൂത്തുകളുടെ ചുമതല. ഇതിനായി പൊലീസ് സംഘം തൃപുരയിലെത്തി.

അഗര്‍ത്തല നഗരത്തിലെ ഏതാണ്ട് എല്ലാ ബൂത്തുകൾക്കും കേരളത്തിന്‍റെ പൊലീസാണ് കാവൽ നിൽക്കുക. കമാണ്ടന്‍റ് പിവി വിൽസന്‍റെ നേതൃത്വത്തിൽ 350 പേരടങ്ങുന്ന പൊലീസ് സംഘമാണ് ഇതിനായി തയ്യാറായിരിക്കുന്നത്.

ത്രിപുര ലാന്‍റ് പ്രക്ഷോഭം നടന്ന തൊണ്ണൂറുകളിൽ ഇവിടം ഒരു പേടിസ്വപ്നമായിരുന്നു. തട്ടികൊണ്ടുപോകലും കൊലപാതകങ്ങളും അക്രമങ്ങളും തൃപുരയെ അസ്വസ്ഥമാക്കിയ കാലം. ആ കാലത്ത് സന്ധ്യകഴിഞ്ഞാൽ പുറത്തേക്ക് ഇറങ്ങാൻ പോലും ആളുൾ ഭയപ്പെട്ടിരുന്നു. അതിൽ നിന്നൊക്കെ ത്രിപുര ഒരുപാട് മാറിയിരിക്കുന്നു.

മണിക് സര്‍ക്കാര്‍ ഭരണകൂടത്തിന് അക്കാര്യത്തിൽ നേട്ടം അവകാശപ്പെടാം. ഇന്ന് സമാധാനാന്തരീക്ഷമുള്ള ത്രിപുരയിൽ അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ത്രിപുര വോട്ടെടുപ്പ് പൂര്‍ത്തിയായാൽ ഐആര്‍ബി സംഘം മേഘാലയിലെ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാകും കേരളത്തിലേക്ക് മടങ്ങുക.