ബഹിരാകാശത്ത് കളഞ്ഞുപോയ സൂപ്പർ കാറിനെ കണ്ടെത്തി

വാഷിംഗ്ടൺ: ചൊവ്വയെ ലക്ഷ്യമാക്കി ഭൂമിയിൽ നിന്നും കുതിച്ച സ്‌പെയ്സ് എക്‌സിന്റെ സൂപ്പർ കാർ ബഹിരാകാശത്ത് വഴി തെറ്റി അലഞ്ഞു തിരിയുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. എന്നാൽ അരിസോണയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രം ഇപ്പോൾ കാറിനെ കണ്ടെത്തിയിരിക്കുകയാണ്

അരിസോണയിലെ വെർച്വൽ ടെലസ്‌കോപ്പാണ് ബഹിരാകാശത്തിന്റെ അനന്തതയിൽ നിന്നും കാറിനെ തപ്പിയെടുത്തത്. ഇവിടുണ്ടായിരുന്ന മറ്റൊരു റോബോട്ടിക് ടെലസ്‌കോപ്പ് കാറിന്റെ സഞ്ചാരപഥവും കണ്ടെത്തി. സൂര്യന്റെ ഭ്രമണപഥത്തിൽ 14.7 മുതൽ 26 കോടി കിലോമീറ്റർ വരെ വേഗതയിൽ കറക്കത്തിലാണ് കക്ഷിയിപ്പോൾ.റോഡ്സ്‌റ്റർ

അമേരിക്കൻ കോടീശ്വരനായ എലൺ മസ്‌കിന്റെ സ്പേസ് എക്‌സ് കമ്പനി നിർമ്മിച്ച ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ ഫാൽക്കൺ ഹെവിയിൽ കയറിയാണ് കാർ ബഹിരാകാശത്തേക്ക് കുതിച്ചത്. എലൺ മസ്‌കിന്റെ ‘ചെറി ചുവപ്പ് ‘ നിറത്തിലുള്ള പഴയ ഇലക്ട്രിക് സ്‌പോർട്ട്സ് കാറായ ടെസ്‌ല റോഡ്സ്‌റ്റർ ആണ് ഉപഗ്രഹത്തിന് പകരമുള്ള റോക്കറ്റിലെ പേലോഡ്. കാറിന്റെ ഡ്രൈവർ സീറ്റിൽ ബഹിരാകാശ സ്യൂട്ട് ധരിച്ച ഒരു ബൊമ്മയെയും ഘടിപ്പിച്ചിട്ടുണ്ട്. ഈ കാറിനെയും ‘ഡ്രൈവറെയും’ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. വിക്ഷേപണത്തിന് ആറു മണിക്കൂറിന് ശേഷം ഇതിനായുള്ള എൻജിന്റെ ജ്വലനം വിജയകരമായി നടന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ വന്ന ചെറിയൊരു പാളിച്ച കാറിന്റെ സഞ്ചാരത്തെ ബാധിക്കുകയായിരുന്നു

കാറിന് ഇനിയെന്ത് സംഭവിക്കും

ബഹിരാകാശത്ത് അന്തമില്ലാതെ അലയുന്ന കാറിന് ഇനിയെന്ത് സംഭവിക്കുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇതിന് ശാസ്ത്രജ്ഞർ നൽകുന്ന സാദ്ധ്യതകൾ ഇവയൊക്കെയാണ്.
 ഇപ്പോഴുള്ള അവസ്ഥ തുടർന്നാൽ സൗരയൂഥത്തിന് ചുറ്റും കോടാനുകോടി വർഷങ്ങൾ ഭ്രമണം ചെയ്യാൻ കാറിനാകും.
അല്ലെങ്കിൽ ഇതിന് മുമ്പ് തന്നെ ഏതെങ്കിലും ബഹിരാകാശ വസ്‌തുവുമായി കൂട്ടിയിടിച്ച് കാർ തകരും. ഭൂമി, ചന്ദ്രൻ എന്നിവയുടെ അന്തരീക്ഷത്തിലെത്തി തകരാനുള്ള സാദ്ധ്യതയും ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല.
ബഹിരാകാശത്ത് ഓക്‌സിജന്റെയും ജലത്തിന്റെയും സാന്നിധ്യം ഇല്ലാത്തതിനാൽ കാർ തുരുമ്പെടുക്കാനുള്ള സാദ്ധ്യത കുറവാണ്
എന്നാൽ അൾട്രാ വയലറ്റ് രശ്‌മികളുടെ സാന്നിധ്യം മൂലം കാറിന്റെ പെയിന്റിന് കാലക്രമേണ നാശം സംഭവിക്കും.
അനന്തകോടി വർഷങ്ങൾ ബഹിരാകാശത്ത് അലയുന്ന കാറിനെ കണ്ടെത്താൻ വർഷങ്ങൾക്ക് ശേഷം ആരെങ്കിലും ഇറങ്ങിത്തിരിക്കാനുള്ള സാദ്ധ്യത എലൻ മസ്‌ക് തള്ളിക്കളയുന്നില്ല. താൻ ജീവിച്ചിരിക്കുന്നെങ്കിൽ തീർച്ചയായും കാർ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.