നോക്കൂ, ഞങ്ങളും ഫാസിസ്റ്റ് വിരുദ്ധരാണ്

വി. അബ്ദുല്‍ മജീദ്

കവി കുരീപ്പുഴ ശ്രീകുമാറിനു നേരെ സംഘ്പരിവാര്‍ ഫാസിസ്റ്റുകള്‍ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം അരങ്ങേുന്നത്. കുരീപ്പുഴ ആക്രമിക്കപ്പെട്ട രാത്രിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തിരികൊളുത്തപ്പെട്ട പ്രതിഷേധാഗ്നി പിറ്റേന്ന് തെരുവുകളിലേക്ക് പടര്‍ന്നു. അതിനിയും എരിഞ്ഞടങ്ങിയിട്ടില്ല. സംഘ്പരിവാര്‍ വിരുദ്ധരായ രാഷ്ട്രീയ, സാംസ്‌കാരിക പ്രസ്ഥാനങ്ങളെല്ലാം പ്രതിഷേധരംഗത്തുണ്ട്. മത്സരബുദ്ധിയോടെ തന്നെ.
നല്ല കാര്യമാണിത്. ഒരു ജനാധിപത്യസമൂഹത്തില്‍ സ്വാഭിപ്രായം തുറന്നുപറയുന്നതിന്റെ പേരില്‍ ഒരാള്‍, പ്രത്യേകിച്ച് ഒരു എഴുത്തുകാരന്‍ ആക്രമണത്തിനിരയാകുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് ജനാധിപത്യവിശ്വാസികളുടെയെല്ലാം കടമ തന്നെയാണ്. എന്നാല്‍ ഇതിനിടയില്‍ ചിലതു കാണാതെ പോകരുത്. തെരുവുകളിലിരമ്പുന്ന ഫാസിസ്റ്റ് വിരുദ്ധതയുടെ നിരകളിലേക്ക് ഒന്നു സൂക്ഷിച്ചുനോക്കൂ. പ്ലക്കാര്‍ഡുകള്‍ക്കപ്പുറം മറഞ്ഞിരിക്കുന്നത് ഫാസിസ്റ്റ് വിരുദ്ധതയല്ല, വ്യത്യസ്ത വര്‍ണങ്ങളിലും ഭാവങ്ങളിലുമൊക്കെയുള്ള ഫാസിസം തന്നെയാണെന്നു കാണാന്‍ സാധിക്കും.
സമാനമായ ചില സംഭവങ്ങള്‍ ഈയവസരത്തില്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പയ്യന്നൂരില്‍ കുരീപ്പുഴയെപ്പോലെ തന്നെ ഒരു പ്രസംഗം കഴിഞ്ഞു തിരിച്ചുപോകുകയായിരുന്ന പ്രമുഖ സാഹിത്യകാരന്‍ സക്കറിയ ആക്രമിക്കപ്പെട്ടു. സക്കറിയ പറഞ്ഞ ചില കാര്യങ്ങളില്‍ അമര്‍ഷംപൂണ്ട ഡി.വൈ.എഫ്.ഐക്കാരാണ് അദ്ദേഹത്തെ ആക്രമിച്ചത്. ഇപ്പോള്‍ കുരീപ്പുഴ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധത്തിന്റെ മുന്‍നിരിലുള്ളത് അവരും അവരുമായി ബന്ധപ്പെട്ട സാംസ്‌കാരിക സംഘടനകളുമൊക്കെയാണ്.
ഹിന്ദുത്വ ഫാസിസമെന്നു കേള്‍ക്കുമ്പോള്‍ തന്നെ സിരകളില്‍ രക്തം തിളയ്ക്കുന്ന മറ്റൊരു കൂട്ടരും പ്രതിഷേധ രംഗത്തു സജീവമായുണ്ട്. സംഘ്പരിവാറിനു സമാനമായ മതഫാസിസം കൂടെ കൊണ്ടുനടക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍.
ഇവരില്‍ മുന്‍പന്തിയിലുള്ളത് പോപ്പുലര്‍ ഫ്രന്റും അവരുടെ പ്രച്ഛന്ന രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐയുമാണ്. ഒരു ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ മതനിന്ദയാണെന്നാരോപിച്ച് അതെഴുതിയ ജോസഫ് മാഷിന്റെ കൈവെട്ടിയത് അവരായിരുന്നു. ഇസ്ലാമിക ഫാസിസത്തിന്റെ തന്നെ മറ്റൊരു ഇരയാണ് സ്വന്തം അഭിപ്രായങ്ങള്‍ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷനായ ചേകന്നൂര്‍ മൗലവി.
തീര്‍ന്നില്ല. വലിയ കോലാഹലങ്ങളൊന്നുമില്ലെങ്കിലും പ്രസ്താവനകളിലൂടെ സംഘ്പരിവാര്‍ അക്രമത്തിനെതിരെ പ്രതിഷേധിക്കുന്ന വേറെയൊരു കൂട്ടരുമുണ്ട് നമുക്കു മുന്നില്‍. ഇന്നും ഗാന്ധിയന്‍ അഹിംസാവാദത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ രോമാഞ്ചകഞ്ചുകമണിയുന്ന കോണ്‍ഗ്രസുകാര്‍. തെരുവില്‍ നാടകമവതരിപ്പിച്ചതിന് പ്രമുഖ നാടകാചാര്യന്‍ സഫ്ദര്‍ ഹാഷ്മിയെ പട്ടാപ്പകല്‍ തല്ലിക്കൊന്നത് അവര്‍ തന്നെയായിരുന്നു.
ജനാധിപത്യം ഒരു രൂപം മാത്രമായി നിലകൊള്ളുന്ന, ഇനിയും ശീലമായിട്ടില്ലാത്ത അര്‍ദ്ധജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഏതാണ്ടെല്ലാ പ്രസ്ഥാനങ്ങള്‍ക്കുള്ളിലും അപകടകരമാംവിധം ഫാസിസം പതിയിരിപ്പുണ്ട്. ആരുമതു സമ്മതിച്ചു തരില്ലെങ്കിലും ആവശ്യം വരുന്ന ഘട്ടങ്ങളില്‍ അതു സടകുടഞ്ഞെഴുന്നേല്‍ക്കും. സ്വന്തം ആളുകളുടെ ഫാസിസം ശരിയും മറ്റുള്ളവരുടേത് തെറ്റുമെന്ന് വിശ്വസിക്കുന്ന മനസുകള്‍ ധാരാളമുള്ള സമൂഹങ്ങളില്‍ ഫാസിസം പല രൂപഭാവങ്ങളില്‍ വളരുക തന്നെ ചെയ്യും.