അമേരിക്കന്‍ ഓഹരി വിപണിയില്‍ ഇടിവ്; ഇന്ത്യയില്‍ മന്ദത

മുംബൈ: അമേരിക്കന്‍ സൂചിക ഡൗ ജോണ്‍സിലുണ്ടായ വന്‍ഇടിവിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ഓഹരിവിപണികളില്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സടക്കം ഏഷ്യന്‍ ഓഹരിവിപണികളിലാണ് കാര്യമായ തകര്‍ച്ച രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 1270 പോയിന്റ് താഴ്ന്ന് 33,742ലും (3.5 ശതമാനം), നിഫ്റ്റി 306 പോയിന്റ് നഷ്ടത്തില്‍ 10,359-ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 2015 ആഗസ്റ്റിന് ശേഷം ഇത്ര കനത്ത തകര്‍ച്ച ഓഹരി വിപണിയിലുണ്ടാവുന്നത് ഇതാദ്യമായാണ്.

1600 പോയിന്റിന്റെ ഇടിവാണ് അമേരിക്കന്‍ ഓഹരിവിപണിയായ ഡൗജോണ്‍സില്‍ ഇന്ന് രേഖപ്പെടുത്തിയത്. ആറര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. 2008-ലെ സാമ്പത്തികമാന്ദ്യത്തിന് സമാനമായ സാഹചര്യമാണ് ഓഹരി വിപണിയിലുണ്ടായതെന്നാണ് വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്.

യുഎസില്‍ കഴിഞ്ഞ ആഴ്ച്ച പുറത്തു വന്ന ജോബ് ഡാറ്റയാണ് നിലവിലെ തകര്‍ച്ചയ്ക്ക് കാരണം. അമേരിക്കയിലെ നിലവില്‍ തൊഴില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന റിപ്പോര്‍ട്ട് സാമ്പത്തിക മാന്ദ്യത്തിന് ശേഷം യുഎസ് ശക്തമായി തിരിച്ചു വരികയാണെന്നും, തൊഴിലിലായ്മ കുറഞ്ഞെന്നും ആളുകളുടെ വരുമാനത്തില്‍ വര്‍ധനയുണ്ടെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.

യുഎസ് വിപണിയുടെ ഇടിവിനെ തുടര്‍ന്ന് ജപ്പാന്‍ ഓഹരി വിപണിയില്‍ 4.6 ശതമാനവും ഓസ്‌ട്രേലിയന്‍ ഓഹരിവിപണിയില്‍ മൂന്ന് ശതമാനവും തകര്‍ച്ചുണ്ടായി. കനത്ത വില്‍പന സമ്മര്‍ദ്ദമാണ് ഇന്ത്യന്‍ വിപണികളുടെ ഇടിവിന് കാരണമായത്. തകര്‍ച്ച മുന്നില്‍ കണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുകയാണ്.

ഓഹരിവിപണികളിലുണ്ടായ തകര്‍ച്ചയ്ക്ക് സമാന്തരമായി ഡോളറിനെതിരായ രൂപയുടെ മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തി. അതേസമയം ഓഹരിവിപണിയിലെ അരക്ഷിതാവസ്ഥയെ തുടര്‍ന്ന് സുരക്ഷിതനിക്ഷേപമായി വിശേഷിപ്പിക്കപ്പെടുന്ന സ്വര്‍ണത്തിന്റെ വിലയില്‍ കാര്യമായ ഉയര്‍ച്ച രേഖപ്പെടുത്തി.