വാഹന പണിമുടക്ക്: കെഎസ്ആര്‍ടിസി ഓടില്ല. എംജി, ആരോഗ്യ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ചത്തെ വാഹന പണിമുടക്കില്‍ മാറ്റമില്ല. കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ സമരം ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ കെഎസ്ആര്‍ടിസി ബസുകളും നാളെ സര്‍വ്വീസ് നടത്തില്ലെന്നുറപ്പായി. എന്നാല്‍, തക്കതായ കാരണങ്ങളില്ലാതെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കരുതെന്നും പൊലിസ് സംരക്ഷണയില്‍ പരമാവധി സര്‍വ്വീസുകള്‍ നടത്തണമെന്നും കെഎസ്ആര്‍ടിസി എംഡി ഉത്തരവിറക്കി.

ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ചാണ് തൊഴിലാളി യൂണിയനുകള്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ഓട്ടോ, ടാക്‌സി, സ്വകാര്യ ബസുകള്‍, ചരക്കുലോറികള്‍, വര്‍ക്ക് ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ എന്നിവയാണ് പണിമുടക്കില്‍ പങ്കെടുക്കുക. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.

എംജി സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ആരോഗ്യ സര്‍വകലാശാലയും ബുധനാഴ്ചത്തെ പരീക്ഷകള്‍ മാറ്റി. എന്നാല്‍ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല.