ജപ്പാനില്‍ അഗ്‌നിപര്‍വത സ്‌ഫോടനം; 16 പേര്‍ക്കു പരുക്ക്

ടോക്കിയോന്: ജപ്പാനിലെ മധ്യ ഗുന്‍മ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കുസാറ്റ്‌സുവിലെ പ്രശസ്തമായ സ്‌കീയിങ് വിനോദകേന്ദ്രത്തിനു സമീപം ഉണ്ടായ അഗ്‌നിപര്‍വത വിസ്‌ഫോടനത്തിലും ഹിമപാതത്തിലും 16 പേര്‍ക്കു പരുക്ക്. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. പ്രദേശത്തുനിന്നു നൂറോളം പേരെ ഒഴിപ്പിച്ചു.

ഹിമപാതത്തില്‍ ഒരാളെ കാണാതായതായി ജപ്പാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കുസാറ്റ്‌സു-ഷിറൈന്‍ അഗ്‌നിപര്‍വതം പൊട്ടിയതിനു പിന്നാലെയാണു ഹിമപാതമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുതന്നെയാണോ ഹിമപാതത്തിനു കാരണമായതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. ഈ പ്രദേശത്ത് പരിശീലനത്തില്‍ ഏര്‍പ്പെട്ട ആറു ജപ്പാന്‍ സൈനികരെ ഹിമപാതത്തില്‍നിന്നു രക്ഷപ്പെടുത്തി. 2014 സെപ്റ്റംബറില്‍ ജപ്പാനിലെ മൗണ്ട് ഓണ്‍ടേക്കിലുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ 63 പേര്‍ മരിച്ചിരുന്നു.

അതേസമയം, സമീപകാലത്തെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയ്ക്കു സാക്ഷ്യം വഹിക്കുകയാണ് തലസ്ഥാനമായ ടോക്കിയോ ഉള്‍പ്പെടെ ജപ്പാനിലെ നിരവധി മേഖലകള്‍. ടോക്കിയോയില്‍ തിങ്കളാഴ്ച 23 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയുണ്ടായി. 2014 ഫെബ്രുവരിക്കു ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിത്. ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ ടോക്കിയോയെ മഞ്ഞുവീഴ്ച കാര്യമായി ബാധിച്ചിട്ടുണ്ട്.

ആയിരക്കണക്കിനു പേരാണു നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ യാത്രാസൗകര്യം നിലച്ചു ദുരിതത്തിലായത്. തിങ്കളാഴ്ച മാത്രം 700ല്‍ പരം റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ ഒരു ടണലില്‍ ഇന്നലെ വൈകിട്ട് വാഹനങ്ങള്‍ കുടുങ്ങിയതോടെ 10 കിലോമീറ്ററോളം ഗതാഗതതടസം നീണ്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇതു പരിഹരിക്കാനായത്. ടോക്കിയോയിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഒന്നായ നരീറ്റയില്‍ 9,000ല്‍ അധികം പേരാണു കുടുങ്ങിയത്. ടോക്കിയോയില്‍ ചിലയിടങ്ങളില്‍ ബുധനാഴ്ച മൈനസ് ആറു ഡിഗ്രിക്കും താഴെയാകും താപനിലയെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.