ഇന്ത്യയില്‍ പുതിയ സ്വിഫ്റ്റിന്റെ ബുക്കിംങ് തുടങ്ങി

മുംബൈ: ഇന്ത്യന്‍ നിരത്തുകളുടെ ഇഷ്ടവാഹനമായ മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ മൂന്നാം തലമുറ വാഹനത്തിന്റെ ബുക്കിംങ് ആരംഭിച്ചു. രാജ്യത്തുള്ള 2300 മാരുതി ഡീലര്‍മാരുടെ പക്കല്‍ ഈ മാസം 18 മുതല്‍ 11000 രൂപ ആദ്യഗഡു അടച്ച് വാഹനം ബുക്ക് ചെയ്യാം.

ഫെബ്രുവരി 7ന് നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോ 2018ലാകും ആദ്യ കാര്‍ ഇന്ത്യയില്‍ അവതിപ്പിക്കുകയെന്ന് മാരുതി സുസൂക്കി ഇന്ത്യ അറിയിച്ചു. സാങ്കേതിക മികവില്‍ പിന്‍ഗാമിയെ പിന്തള്ളുന്ന സവിശേഷതകളാണ് പുതിയ മോഡലിലുള്ളത്. മാരുതിയുടെ പുതുപുത്തന്‍ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമാണ് കൊണ്‍സോളില്‍ കണ്ണുടക്കുന്ന ആകര്‍ഷണം. ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും ഇതില്‍ കണക്ട് ചെയ്യാനാകും.

വിശാലമായ പുത്തന്‍ പ്ലാറ്റ്‌ഫോം നീളമുള്ള വീല്‍ബേസും കാറിനുള്ളില്‍ കൂടുതല്‍ ഇടം
നല്‍കുന്നു. മികച്ച ഇന്ധനക്ഷമതയും പുതിയ സ്വിഫ്റ്റ് അവകാശപ്പെടുന്നു. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്നീ എഞ്ചിനുകളുള്ള വാഹനത്തിന് ഓട്ടോ ഗിയര്‍ ഷിഫ്റ്റ് സംവിധാനം ആവശ്യാനുസരണം തെരഞ്ഞെടുക്കാവുന്നതാണ്.