നിരോധിച്ച നോട്ടുകള്‍ ഇന്നും ബാങ്കുകളിലെത്തുന്നോ? യുപിയില്‍ 100 കോടിയോളം നിര്‍ത്തലാക്കിയ നോട്ട് ശേഖരം

ലക്‌നൗ: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും ഉത്തര്‍പ്രദേശ് പൊലിസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ 97 കോടിയുടെ നിര്‍ത്തലാക്കിയ കറന്‍സികള്‍ കണ്ടെത്തി. 2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷമുള്ള ഏറ്റവും വലിയ പിടിച്ചെടുക്കലാണ് ഇന്ന് കാന്‍പൂരില്‍ നടന്നത്.

പണി നടന്നു കൊണ്ടിരിക്കുന്ന ഒരു വീടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പഴയ 500ന്റെയും 1000ത്തിന്റെയുമടക്കം നോട്ടുകള്‍ കണ്ടെടുത്തത്. പ്രമുഖ വ്യവസായിയായ ആനന്ദ് ഖാത്രിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡില്‍ 16 പേരെ കസ്റ്റഡിയിലെടുത്തു.

നോട്ടു നിരോധനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും ഭീമമായ തോതില്‍ ഇവയെ ശേഖരിക്കുന്നത് ബാങ്കിങ് ശൃംഖലയിലൂടെ അസാധുവിനെ സാധുവാക്കാനുള്ള പഴുതുകളുണ്ടെന്ന സൂചന കൂടിയാണ് നല്‍കുന്നത്. കാന്‍പൂരിലെ റെയ്ഡ് ഇത്തരിത്തിലുള്ള ഒരു സംവിധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിനു കൂടി വഴി തുറക്കുകയാണെന്ന് എന്‍ഐഎയും ഉത്തര്‍പ്രദേശ് പൊലിസും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.

99% ശതമാനം നിര്‍ത്തലാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന ആര്‍ബിഐയുടെ അവകാശവാദത്തെയും ഈ റെയ്ഡ് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. കഴിഞ്ഞ നവംബറിലെ സമാനമായ റെയ്ഡില്‍ ഡെല്‍ഹിയില്‍ നിന്ന് എന്‍ഐഎ പിടിച്ചെടുത്തത് 37 കോടിയുടെ അസാധു നോട്ടുകളാണ്. നോട്ട് നിരോധനത്തിന്റെ വിജയം പൊതുജനസമക്ഷം അക്കമിട്ട് നിരത്തി ആഘോഷിക്കുമ്പോള്‍ പിന്നണിയില്‍ പൊതുജനമറിയാതെ നടക്കുന്ന അന്തര്‍നാടകങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാകും കാന്‍പൂര്‍ റെയ്ഡിന്റെ തുടരന്വേഷണം.