മറവി രോഗം: അടുത്ത 30 കൊല്ലത്തില്‍ മൂന്നിരട്ടിയാകും

ജനീവ: ആഗോള തലത്തില്‍ പ്രായമുള്ളവരുടെ എണ്ണം പെരുകുന്നതിനൊപ്പം ഞെട്ടിപ്പിക്കുന്ന വസ്തുത അവരില്‍ വലിയ തോതില്‍ ആളുകളും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാകുമെന്നതാണ്. അടുത്ത മുപ്പതുകൊല്ലം കൊണ്ട് മറവിരോഗം (ഡിമെന്‍ഷ്യ) ബാധിച്ചവരുടെ എണ്ണം മൂന്നിരട്ടിയാകുമെന്നതാണ്.

ഇപ്പോള്‍ അഞ്ചുകോടി ആളുകളാണ് തങ്ങളെത്തന്നെയും ലോകത്തെയും മറന്ന് ജീവിക്കുന്നത്. അവരുടെ എണ്ണം 2050ല്‍ പതിനേഴ് കോടി ആകുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കുകൂട്ടുന്നത്.

ഓരോ വര്‍ഷവും ഒരു കോടിയാളുകള്‍ക്ക് മറവി രോഗം പിടിപെടുന്നു. ഇതില്‍ 60 ലക്ഷമാളുകളും പട്ടിണി രാജ്യങ്ങളിലും ഇടത്തരം വരുമാനമുള്ളവരിലുമാണ്. മറവി രോഗികള്‍ക്ക് വേണ്ടി ലോകം ചെലവിടുന്നത് വര്‍ഷം 81800 കോടി യു.എസ് ഡോളറാണ്. ഇത് ലോകത്തിന്റെ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനമാണ്.