ഉമ്മന്‍ ചാണ്ടിയും രാജ്യദ്രോഹി; ഉമ്മന്‍ ഖാനെന്ന് പേര് മാറ്റണമെന്ന് എഎന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ രാജ്യദ്രോഹത്തിന് ജയിലിലടക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിക്ക് തീവ്രവാദികളുടേയും പാകിസ്താന്റെയും ഭാഷയാണ്. പാക് പ്രധാനമന്ത്രിയുടേയും പാക് പട്ടാളത്തിന്റെയും മെഗാഫോണായി അദ്ദേഹം മാറി. പാക് പ്രധാന മന്ത്രിയെ ഇത്രയും അംഗീകരിക്കാന്‍ എന്താണ് പ്രചോദനമെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ പാകിസ്താന്‍ പിടിയിലകപ്പെട്ട വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സമാധാന സൂചകമായി മടക്കി അയക്കാന്‍ തീരുമാനിച്ച ഇമ്രാന്‍ ഖാന് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്ത ഉമ്മന്‍ചാണ്ടി ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ പുറത്തു വിടണമെന്നും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി നേതാവിന്റെ വര്‍ഗീയ പരാമര്‍ശമുണ്ടായിരിക്കുന്നത്.

രാജ്യദ്രോഹപരമായ ട്വീറ്റാണ് ഉമ്മന്‍ ചാണ്ടി നടത്തിയതെന്ന് രാധാകൃഷ്ണന്‍ ആരോപിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന്‍ എന്നാക്കിമാറ്റണം. കോടിയേരി ബാലകൃഷ്ണനെ ഉമ്മന്‍ ചാണ്ടി കടത്തിവെട്ടി. മതന്യൂനപക്ഷങ്ങളില്‍ ആശങ്ക പടര്‍ത്തുകയാണ് ലക്ഷ്യമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്ക് മത ന്യൂനപക്ഷങ്ങളില്‍ അവിശ്വാസമുണ്ടോ? അദ്ദേഹത്തെ പുറത്താക്കുമോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗൗരവത്തില്‍ ആലോചിക്കണമെന്നും ഇക്കാര്യത്തില്‍ നിയമ നടപടികള്‍ ബിജെപി പരിഗണിക്കുമെന്നും എഎന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.