ബംഗാളില്‍ 5000 വീടുകള്‍ തകര്‍ന്നു, ചുഴലിക്കാറ്റില്‍ വന്‍നാശം, മരണം 2

കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ് തീരം തൊട്ടതിന് പിന്നാലെ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍വരെ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ അയ്യായിരത്തിലേറെ വീടുകള്‍ തകര്‍ന്നു. രണ്ടുപേരാണ് സംസ്ഥാനത്ത് മരിച്ചത്. ഹൗറ, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ മരം കടപുഴകി വീണാണ് രണ്ട് സ്ത്രീകള്‍ മരിച്ചത്. ഒരാള്‍കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് 5500 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. തലസ്ഥാനമായ കൊല്‍ക്കത്തയിലും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. റോഡുകളില്‍ വെള്ളം കയറി. പശ്ചിമ ബംഗാളിലെ അഞ്ചുലക്ഷം പേരെയും ഒഡീഷയിലെ ഒരുലക്ഷം പേരെയും സൈക്ലോണ്‍ ഷെല്‍റ്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്.