അമിതാഭ് ബച്ചന് കൊവിഡ്, കുടുംബവും നിരീക്ഷണത്തില്‍

മുംബയ്: ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു. ബച്ചന്‍ തന്നെയാണ് ഈ വിവരം ട്വിറ്ററില്‍ കുറിച്ചത്.
” എനിക്ക് കൊവിഡ് പോസിറ്റിവായി. ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിക്കാര്‍ അധികൃതരെ അറിയിച്ചു. കുടുംബാംഗങ്ങളും ജീവനക്കാരും ടെസ്റ്റിന് വിധേയരായി.”- ബച്ചന്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ 10 ദിവസത്തിനിടെ താനുമായി ബന്ധപ്പെട്ടവരോടെല്ലാം പരിശോധനയ്ക്ക് വിധേയരാകാന്‍ ബച്ചന്‍ അഭ്യര്‍ഥിച്ചിട്ടുമുണ്ട്. മുംബയ് നാനാവതി ആശുപത്രിയിലാണ് ബച്ചനെ പ്രവേശിപ്പിച്ചത്. ബച്ചനെ പ്രവേശിപ്പിച്ചതായും ഉയര്‍ന്ന ടെസ്റ്റുകള്‍ക്ക് വിധേയനാക്കിക്കൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ രാത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.
77 കാരനായ അമിതാഭ് ബച്ചന് പലവിധ അസുഖങ്ങളുള്ളതാണ്.
കൊവിഡ് കാലത്ത് രാജ്യം ആവര്‍ത്തിച്ചു കണ്ടുകൊണ്ടിരുന്ന ഒരു മുഖവും കേട്ടുകൊണ്ടിരുന്ന ശബ്ദവും ബച്ചന്‍േതായിരുന്നു. പൊതുജന താല്പര്യാര്‍ഥം വന്നുകൊണ്ടിരുന്ന പരസ്യങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു ബച്ചന്‍. കൂടാതെ ദുരിതാശ്വാസപ്രവര്‍ത്തനത്തിനുള്ള വന്‍ സഹായമാണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്.
ബച്ചന്റെ കുടുംബത്തില്‍ ജയാബച്ചനും അഭിഷേക് ബച്ചനും ഐശ്വര്യാ റായിയുമെല്ലാം ഉള്‍പ്പെടുന്നു.