ഇടഞ്ഞുനില്‍ക്കുന്ന സഖ്യകക്ഷികളെ അനുനയിപ്പിച്ച് കൂടെനിര്‍ത്താന്‍ ബിജെപി നീക്കം: അമിത് ഷാ ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തും

ഡല്‍ഹി: ഇടഞ്ഞുനില്‍ക്കുന്ന സഖ്യകക്ഷികളെ അനുനയിപ്പിച്ച് കൂടെനിര്‍ത്താന്‍ ബിജെപിയുടെ നീക്കം. ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിച്ച ശിവസേനയുമായി സമവായമുണ്ടാക്കുന്നതിനായി അമിത് ഷാ മുംബൈയിലെത്തി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഉദ്ധവ് താക്കറെയുടെ വീട്ടില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുമെന്ന് ശിവസേന വക്താവ് വ്യക്തമാക്കി.

ബിജെപിയാണ് തങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവെന്ന് കഴിഞ്ഞ ദിവസം ശിവസേന എം.പി സഞ്ജയ് റാവത്ത് പ്രസ്താവിച്ചിരുന്നു. കോണ്‍ഗ്രസിനെയോ ജെഡിഎസിനെയോ സ്വീകരിച്ചാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും രാജ്യത്തിന് ആവശ്യമില്ലെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്കു മത്സരിച്ചിരുന്നു. ബിജെപിക്ക് ഇവിടെ വിജയിക്കാനായെങ്കിലും വോട്ടില്‍ കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശിവസേനയെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നത്.

മഹാരാഷ്ട്രയിലെ ബന്ധാര-ഗോണ്ടിയ മണ്ഡലത്തില്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തോട് ബിജെപി പരാജയപ്പെടുകയും ചെയ്തു. ബിജെപി ഇതര കക്ഷികളെയെല്ലാം ഒരുമിച്ചു നിര്‍ത്തിയതാണ് ഇവിടെ ബിജെപിയുടെ പരാജയത്തിന് ഇടയാക്കിയത്. ദേശീയ തലത്തിലേക്കുകൂടി ഈ സഖ്യം വ്യാപിപ്പിക്കാന്‍ നീക്കം നടക്കുന്നുമുണ്ട്.