ആമസോണ്‍ കത്തിയമരുന്നു; മാധ്യമങ്ങൾ എവിടയെന്ന് ഡികാപ്രിയോ; ഒരാഴ്ചയ്ക്കിടയില്‍ 9,500ലധികം മേഖലകളിലേക്ക് തീ

റിയോ ഡി ജനീറോ: ഭൂമിയുടെ ശ്വാസകോശമെന്നു വിളിക്കപ്പെടുന്ന ആമസോൺ മഴക്കാടുകള്‍ കത്തിയമര്‍ന്നുകൊണ്ടിരിക്കുകയാണ്. കാട്ടുതീ അപകടകരമാംവിധം വർധിച്ചതോടെ ലോകവ്യാപകമായി സാമൂഹികമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ഈ വര്‍ഷം ഇതുവരെ 74,000 ത്തിലധികം തീപിടുത്തങ്ങളാണ് ബ്രസീലില്‍ ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടയില്‍ 9,500ലധികം മേഖലകളിലേക്കാണ് തീ പടര്‍ന്നത്.

ഈ സാഹചര്യത്തിൽ കാട്ടുതീ പടരുന്നത് വാര്‍ത്തായാക്കാത്ത മാധ്യമങ്ങള്‍ക്കെതിരെ ഹോളിവുഡ് താരവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ലിയനാര്‍ഡോ ഡികാപ്രിയോ രംഗത്തെത്തിയിരിക്കുകയാണ്.

ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഡികാപ്രിയോയുടെ വിമര്‍ശനം.

‘ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്’എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ ചോദിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ വിഷയമായപ്പോൾ മാത്രമാണ് ചില മാധ്യമങ്ങൾ റിപോർട്ടുകൾ നൽകിയത്. പൊതുവേ തണുത്തതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയാണ് ആമസോണ്‍ കാടുകളില്‍ അനുഭവപ്പെടുന്നത്.

എന്നാല്‍ ജൂലൈ, ആഗസ്റ്റ്് മാസങ്ങളില്‍ വരണ്ട കാലാവസ്ഥയുമുണ്ടാകാറുണ്ട്. ഇതിന്റെ ഫലമായി കാട്ടുതീ ഉണ്ടാകാറുണ്ട്. എന്നാല്‍ കൂടുതലും മനുഷ്യനിര്‍മ്മിതമായ കാട്ടുതീയാണ് ആമസോണ്‍ കാടുകളെ നശിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വിഷയം ഡി കാപ്രിയോ ഏറ്റെടുത്തതോടെ പിന്തുണയുമായി ലോകമെമ്പാടുമുള്ള ചലച്ചിത്രതാരങ്ങള്‍ രംഗത്തുവന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ആലിയ ഭട്ട്, പൂജ ബത്ര, ബിപാഷ ബസു, ശ്രദ്ധകപൂര്‍ തുടങ്ങിയവര്‍ ഇന്‍സ്റ്റാപോസ്റ്റ് പങ്കുവച്ചു.

ആഗോള പരിസ്ഥിതി വിഷയങ്ങളില്‍ മുമ്പും ഡി കാപ്രിയോ ശക്തമായ നിലപാടുകള്‍ എടുത്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ അവഗണിച്ചുതള്ളുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ശക്തനായ വിമര്‍ശകന്‍ കൂടിയാണ് ഡി കാപ്രിയോ.

വരള്‍ച്ചാ കാലങ്ങളില്‍ പോലും മഴക്കാടുകളാല്‍ സമ്പന്നമായആമസോണ്‍ കാടുകളില്‍ മനപ്പൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് കാട്ടുതീ ഉണ്ടാക്കുന്നത് എന്നത് ഏറെ ശ്രേദ്ധിക്കേണ്ടതാണ്. കന്നുകാലികള്‍ക്ക് മേയാന്‍ പുല്‍മേടുകള്‍ വികസിപ്പിക്കുന്നതും കാട്ടുകൊള്ളക്കാരുമാണ് ഇത്തരം കാട്ടുതീകള്‍ക്ക് പിറകിലെന്നാണ്
പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം.

വരള്‍ച്ചാ കാലങ്ങളില്‍ പോലും മഴക്കാടുകളാല്‍ സമ്പന്നമായ ആമസോണ്‍ കാടുകളില്‍ മനപ്പൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് കാട്ടുതീ ഉണ്ടാക്കുന്നത്. വനനശീകരണത്തിന് ബ്രസീലിയന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.