അലോക് വര്‍മക്കെതിരെ സി.ബി.ഐ അന്വഷണത്തിന് ശുപാര്‍ശ

ഡല്‍ഹി: മുന്‍ സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ വര്‍മക്കെതിരെ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മോയിന്‍ ഖുറേഷി മുഖ്യപ്രതിയായ ഹവാല നികുതി വെട്ടിപ്പ് കേസില്‍ അലോക് വര്‍മക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് സി.വി.സി അവകാശപ്പെടുന്നത്. അദ്ദേഹത്തിനെതിരെ വകുപ്പു തല നടപടിയും ക്രിമിനല്‍ അന്വേഷണവും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സി.വി.സി കത്തെഴുതും.

രഹസ്യാന്വേഷണ ഏജന്‍സിയായ റോ കൈമാറിയ നാല് ടെലഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക. സി.വി.സി പക്ഷംപിടിക്കുകയാണെന്ന് അലോക് വര്‍മ ആരോപിച്ചു.

മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട കേസില്‍ ഹൈദരാബാദ് വ്യവസായി സതീഷ് സനയെ രക്ഷപ്പെടുത്താന്‍ അലോക് വര്‍മ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി എന്നാണ് സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ആരോപിച്ചിരുന്നത്. ഇതുസംബന്ധിച്ച് സി.വി.സി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അലോക് വര്‍മയെ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയത്.