ഉണ്ണി മുകുന്ദനെതിരായ പരാതി; യുവതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത് അന്വേഷിക്കാന്‍ സൈബര്‍ സെല്‍

തൃക്കൊടിത്താനം: യുവനടന്‍ ഉണ്ണി മുകുന്ദനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസില്‍ തൃക്കൊടിത്താനം പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. എം ടൗണ്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ എം ടൗണ്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് കേസ് എടുത്തത്. കേസില്‍ ഉണ്ണി മുകുന്ദന്‍ ഒന്നാം പ്രതിയും നിര്‍മ്മാതാവ് രാജന്‍ സക്കറിയ രണ്ടാം പ്രതിയും എം ടൗണ്‍ എന്റര്‍ടെയ്ന്‍മെന്റ് അഡ്മിനിസ്‌ട്രേറ്റര്‍ മൂന്നാം പ്രതിയുമാണ്.

ഇന്നലെ ഉണ്ണി മുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി വീണ്ടും കോടതിയിലെത്തിയിരുന്നു. ഉണ്ണിമുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടു. തന്റെ പേര് വെളിപ്പെടുത്തിയെന്നും ഭീഷണി ഉണ്ടെന്നും പരാതിക്കാരി പറഞ്ഞു.

അഭിഭാഷകന്‍ വഴിയാണ് ഇക്കാര്യം യുവതി കോടതിയെ അറിയിച്ചത്. അതേസമയം, പരാതിക്കാരിയോട് ഈ മാസം 27 ന് ഹാജരാകാന്‍ എറണാകുളം സിജെഎം കോടതി നിര്‍ദ്ദേശിച്ചു. ഉണ്ണി മുകുന്ദന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് തിരക്കഥാകൃത്തായ യുവതിയുടെ പരാതി.