സര്‍വകക്ഷി യോഗംതുടരുന്നു: ശബരിമല വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗം സര്‍വകക്ഷി ആരംഭിച്ചു. യോഗത്തിൽ മുഖ്യമന്ത്രി ആദ്യം സർക്കാർ നിലപാട് വിശദീകരിച്ചു. വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എഴുതിത്തയ്യാറാക്കിയ 12 പേജുള്ള ആമുഖപ്രസംഗത്തിൽ കോടതി വിധി നടപ്പാക്കേണ്ട സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു.

എന്നാൽ, വിട്ടുവീഴ്ചാ നിലപാടെടുത്ത മന്ത്രി എ.കെ.ബാലന് യോഗത്തിലേയ്ക്ക് ക്ഷണമില്ല. സുപ്രീംകോടതി ഉത്തരവ് വന്നയുടൻ സർക്കാർ നിലപാടിന് വിരുദ്ധമായി നിലപാടെടുത്തതിനാലാണ് ബാലനെ യോഗത്തിലേയ്ക്ക് വിളിയ്ക്കാത്തതെന്നാണ് സൂചന.

ശബരിമലയിൽ പ്രശ്നപരിഹാരത്തിനായി സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം 11 മണിയ്ക്കാണ് തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുന്നത്. പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ചയും ഇന്ന് വൈകിട്ട് നടക്കും. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മൂന്നിനായിരിക്കും തന്ത്രികുടുംബത്തിന്‍റെയും, പന്തളം കൊട്ടാരത്തിന്‍റെയും പ്രതിനിധികൾ പങ്കെടുക്കുന്ന പ്രത്യേകയോഗം.

യുവതീ പ്രവേശന വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സർക്കാർ വിശദീകരിക്കും. സർക്കാർ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടും. നാളെ മണ്ഡല- മകര വിളക്ക് തീർത്ഥാടനകാലം തുടങ്ങാനിരിക്കെ സർക്കാർ യുവതീ പ്രവേശനത്തിൽ വിട്ടുവീഴ്ച ചെയ്യുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

യുവതീപ്രവേശനവിധി നടപ്പാക്കാൻ സാവകാശം തേടി ഹർജി നൽകണമെന്ന് യുഡിഎഫ് യോഗത്തിൽ ആവശ്യപ്പെടും. സാവകാശഹർജി നൽകാനാകില്ലെന്ന് സർക്കാർ നിലപാടെടുത്താൽ യോഗം ബഹിഷ്കരിക്കാനാണ് യുഡിഎഫ് തീരുമാനം.