റഷ്യയിലേക്ക് പുറപ്പെടുന്ന ഇംഗ്ലണ്ട് ടീമില്‍ കാവല്‍ക്കാരനായി ഈ പത്തൊമ്പതുകാരനും

ലണ്ടന്‍: റഷ്യയിലേക്ക് പുറപ്പെടുന്ന ഇംഗ്ലണ്ട് ടീമില്‍ ലിവര്‍പൂളിന്റെ പ്രതിരോധനിരയില്‍ ശക്തനായ പത്തൊമ്പതുകാരന്‍ ട്രെന്റ് അലക്‌സാണ്ടര്‍ ആര്‍നോള്‍ഡും. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ എത്തിച്ചതില്‍ ഈ പത്തൊമ്പതുകാരന്റെ പങ്ക് വലുതാണ്.

ഇംഗ്ലണ്ടിന്റെ പരിശീലകന്‍ ഗാരെത് സൗത് ഗേറ്റാണ് ഈ യുവതാരത്തെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്തും മനോബലവും ആവശ്യമായ പ്രതിരോധനിരയിലേക്ക് കൊണ്ടുവന്നത്. ആര്‍നോള്‍ഡിന്റെ കളി നിരീക്ഷിച്ചിരുന്ന സൗത് ഗേറ്റ് നേരത്തേതന്നെ ഇതിന്റെ സൂചനകള്‍ നല്‍കിയിരുന്നു.

മത്സരങ്ങളില്‍ അസാമാന്യമായ ശക്തി ആര്‍നോള്‍ഡ് കാണിച്ചിരുന്നതായി സൗത്‌ഗേറ്റ് അഭിപ്രായപ്പെട്ടു. അത് ലോകകപ്പ് വേദിയിലേക്കുള്ള പ്രവേശനവുമായി ആര്‍നോള്‍ഡിന്. തന്റെ ലോകകപ്പ് പദ്ധതികളില്‍ ആര്‍നോള്‍ഡിനും പങ്കുണ്ടാകുമെന്നും സൗത്‌ഗേറ്റ് സൂചിപ്പിച്ചിരുന്നു. ‘വലിയ കളികളില്‍ പതറാതെ നില്‍ക്കാനും ജയിക്കാനും ആര്‍നോള്‍ഡിനറിയാം. ചെറുപ്പക്കാരെ സംബന്ധിച്ച് ഇത് പ്രധാനമാണ്. ഈ കളികള്‍ നമ്മുടെ മനസ്സിലുണ്ടാകും’ സൗത്‌ഗേറ്റ് പറഞ്ഞു. സൗത്‌ഗേറ്റിന്റെ ഈ കണക്കുകൂട്ടല്‍ ആര്‍നോള്‍ഡിന് ദേശീയകുപ്പായം അണിയാനുള്ള ആദ്യ അവസരവും നല്‍കി.