ഞാന്‍ മനുഷ്യന്‍ മാത്രം, തെറ്റുകള്‍ ചെയ്തിട്ടുണ്ട്; മീടൂ ആരോപണങ്ങളില്‍ പരസ്യമായി മാപ്പ് പറഞ്ഞ് അലന്‍സിയര്‍

ആഭാസം സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ അലന്‍സിയര്‍ മോശമായി പെരുമാറിയെന്നാരോപണം ഉന്നയിച്ച നടി ദിവ്യാ ഗോപിനാഥിനോടും താന്‍ വേദനിപ്പിച്ച സഹപ്രവര്‍ത്തകരോടും പരസ്യമായി മാപ്പ് പറഞ്ഞ് അലന്‍സിയര്‍. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരസ്യമായി അലന്‌സിയര്‍ മാപ്പു പറയണമെന്ന് ‘കൊച്ചി ടൈംസി’ന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അലന്‍സിയര്‍ മാപ്പു പറഞ്ഞത്.

ദിവ്യയുടെ അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ദിവ്യയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. പരസ്യമായി മാപ്പു പറയുന്നതിലൂടെ മാത്രമേ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുവെന്ന് ദിവ്യ വ്യക്തമാക്കി. തനിക്കും ഇത് ചെയ്യേണ്ടതായിട്ടുണ്ടെന്ന് തോന്നുന്നുവെന്നും അതിനാലാണ് ‘കൊച്ചി ടൈംസി’ലൂടെ തന്നെ മാപ്പു പറയുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു.

എന്റെ പെരുമാറ്റം ദിവ്യയെ വേദനിപ്പിച്ചുവെന്ന് മനസിലാക്കിയപ്പോള്‍ തന്നെ ഞാന്‍ ആത്മാര്‍ഥമായി മാപ്പു പറഞ്ഞിരുന്നു. പിന്നീട് വിഷയം പരസ്യമായപ്പോള്‍ പരസ്യമായി തന്നെ മാപ്പു പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടു. ഞാന്‍ വീണ്ടും എന്റെ തെറ്റിന് മാപ്പു പറയുകയാണ്. ദിവ്യയോട് മാത്രമല്ല എന്റെ പെരുമാറ്റം വേദനിപ്പിച്ചിട്ടുള്ള എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ ക്ഷമാപണം നടത്തുന്നു.
അലന്‍സിയര്‍

താന്‍ വിശുദ്ധനല്ല, എല്ലാവരെയും പോലെ ഒരു മനുഷ്യന്‍ മാത്രമാണ്. തെറ്റുകള്‍ ചെയ്തിട്ടുണ്ട്. വേദനിച്ചവരുടെ അവസ്ഥ മനസിലാക്കുന്നതില്‍ ഒരേ ഒരു വഴി ചെയ്ത തെറ്റുകള്‍ സമ്മതിക്കുകയും അതില്‍ പശ്ചാത്തപിക്കുകയും ചെയ്യുക മാത്രമാണെന്നും അലന്‍സിയര്‍ പറഞ്ഞു.

ക്ഷമാപണം കലര്‍പ്പില്ലാത്തതും ചെയ്ത തെറ്റ് മനസിലാക്കിയുമാണെങ്കില്‍ അത് അംഗീകരിക്കുന്നുവെന്ന് ദിവ്യ പ്രതികരിച്ചു. തെറ്റ് പറ്റുക മനുഷ്യ സഹജമാണ്. അത് തിരുത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനമെന്നും ഇനി പരാതിയുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിവ്യ പറഞ്ഞു.