അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കര്‍ണാടകം ഡല്‍ഹിയിലും ആവര്‍ത്തിക്കും: എ.കെ. ആന്റണി

കൊച്ചി: അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കര്‍ണാടകം ഡല്‍ഹിയിലും ആവര്‍ത്തിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി.  എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് ഡോ.ഹെന്റി ഓസ്റ്റിന്റെ 10-ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  2014-ലെ അബദ്ധം 2019 ല്‍ സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മതേതര ശക്തികളെ യോജിപ്പിച്ചുകൊണ്ട് അധികാരത്തിലെത്തും.  ഇതിനുള്ള ചുമതലയാണ് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്.  ഇതോടെ മോദിയുടെ പതനം പൂര്‍ത്തിയാകും – എ.കെ. ആന്റണി പറഞ്ഞു.

നരേന്ദ്ര മോദി എന്നത് സാങ്കേതിക പദം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസ് ആണ് രാജ്യം ഭരിക്കുന്നത്.  താക്കോല്‍ സ്ഥാനങ്ങളെല്ലാം ആര്‍എസ്എസ് കൈയടക്കിയിരിക്കുന്നു.  രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അകല്‍ച്ച വര്‍ധിച്ചിരിക്കുന്നു.  ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബിജെപി തന്ത്രമാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.