എഐഎസ്ബിഐഇഎ മൂന്നാമത് ദേശീയ സമ്മേളനം സമാപിച്ചു

തിരുവനന്തപുരം: ടാഗോർ തിയറ്ററിൽ വച്ച് നടന്ന ദ്വ ദിന എഐഎസ്ബിഐഇഎ ദേശീയ സമ്മേളനം സമാപിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനകീയ ബാങ്കായി പരിവർത്തനപ്പെടുത്തുക, ജനവിരുദ്ധ ബാങ്ക് ലയന നയങ്ങൾ തിരുത്തുക, തൊഴിൽ പരിഷ്‌കാരങ്ങൾ പിൻവലിക്കുക, തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനത്തിൽ അംഗീകരിച്ചു. ഈ പ്രമേയങ്ങൾ സർക്കാർ അംഗീകാരത്തോടെ പ്രാബല്യത്തിൽ വരുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് സമ്മേളനം സമാപിച്ചത്. കൂടാതെ എഐഎസ്ബിഐഇഎയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു .

പൊതുമേഖല ബാങ്കുകൾ നേരിടുന്ന പ്രതിസന്ധികളും, കേന്ദ്ര സർക്കാരിന്റെ ബാങ്ക് ലയന നയത്തിന്റെ പോരായ്മകളും സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധിയോഗത്തിൽ പ്രധാന ചർച്ചാവിഷയമായി. യോഗത്തിൽ എഐഎസ്ബിഐഇഎ ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എഐഎസ്ബിഐഇഎ, എഐബിഇഎ സംഘടനകളുടെ മറ്റ് പ്രധാന ഭാരവാഹികളായ ജെ പി ജവാർ, നരേഷ് ഗൗർ, രാജൻ നഗർ, സി എച്ച് വെങ്കടാചലം, മുൻ എംപിയും സമ്മേളനത്തിന്റെ റിസപ്ഷൻ കമ്മിറ്റി ചെയർമാനുമായ പന്ന്യൻ രവീന്ദ്രൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.

സമ്മേളനത്തിന്റെ ആദ്യ ദിവസം പാളയം രക്തസാക്ഷി മണ്ഡപം മുതൽ ടാഗോർ തിയറ്റർ വരെ പ്രകടന ജാഥ സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുമുള്ള ആയിരത്തോളം പേരാണ് ജാഥയിൽ പങ്കെടുത്തത്. ബാങ്കിംഗ് സംവിധാനങ്ങൾ വർദ്ധിപ്പിക്കുക, നിക്ഷേപക സുരക്ഷ ഉറപ്പാക്കണം, പൊതുമേഖലാ ബാങ്ക് സ്വകാര്യവത്കരണം – വിദേശവത്കരണ- ലയന നയങ്ങൾ റദ്ദാക്കണം, ഉദാരമായ വായ്പാ വിതരണം കൊണ്ട് വരണം, ഗ്രാമീണ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തണം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജാഥയിൽ ഉയർന്നത്. കൂടാതെ എസ്ബിഐ ജീവനക്കാരുടെ സർഗ്ഗവേദിയായ സ്ബീൻ (sbeen ) അവതരിപ്പിച്ച കലാപ്രകടനങ്ങൾ സമ്മേളനത്തിന്റെ പ്രധാന ആകർഷങ്ങളിലൊന്നായി.

സാമ്പത്തിക നയങ്ങൾ, സാമ്പത്തിക ശക്തി കൂട്ടുന്നതിന് പൊതുമേഖല ബാങ്കുകളെ ബലിയാടാക്കാതിരിക്കുക, തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കുക, എസ്ബിഐയെ എസ്ബിഐയായി നിലനിർത്തുക, തൊഴിലാളി പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ പ്രതിജ്ഞകൾ യോഗത്തിൽ മുന്നോട്ട് വെച്ചു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിലൂടെ ജെ പി ജാവർ ചെയർമാൻ, നരേഷ് ഗൗർ പ്രസിഡന്റ്, കെ എസ് കൃഷ്ണ ജനറൽ സെക്രട്റി ബി ശ്രീകാന്തറെഡ്ഢി ഡെപ്പ്യൂട്ടി ജനറൽ സെക്രട്ടറി, ഡി രാമകൃഷ്ണ ഡെപ്പ്യൂട്ടി ജനറൽ സെക്രട്ടറി, അനിൽകുമാർ വി ട്രെഷറർ എന്നിവർ എഐഎസ്ബിഐഇഎയുടെ പുതിയ ഭാരവാഹികളായി നിയമിതരായി.