ഗുലാം നബി ആസാദിനെ ഒഴിവാക്കി, എ.ഐ.സി.സി പുനസ്സംഘടിപ്പിച്ചു, രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തര്‍ കൂടുതല്‍

ന്യൂഡല്‍ഹി: കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പുനസ്സംഘടിപ്പിച്ചു.

കേരളത്തില്‍ നിന്ന് എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കു പുറമെയാണ് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.
വേണുഗോപാലിനെക്കൂടി വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. വര്‍ക്കിംഗ് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി,
പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെ 22 പേരാണുള്ളത്. കൂടാതെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളായി 26 പേര്‍ കൂടിയുണ്ട്. പ്രത്യേക ക്ഷണിതാക്കള്‍
ഒമ്പതുപേരാണ്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തര്‍ കൂടുതല്‍.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെ ചുമതലയും വീതിച്ചു നല്‍കി. താരിഖ് അന്‍വറിനാണ് കേരളത്തിന്റെ ചുമതല.
ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കി. മോട്ടിലാല്‍ വോറ, അംബികാസോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലുസിനോ
ഫെലെയ്‌റോ എന്നിവരെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല തുടരും.