സമരത്തില്‍ പങ്കെടുത്ത ഒട്ടേറെപ്പേര്‍ക്ക് കൊവിഡ് എന്ന് പിണറായി

തിരുവനന്തപുരം: സെപ്തംബര്‍ 11 മുതല്‍ സംസ്ഥാനത്ത് നടന്നുവരുന്ന സമരങ്ങളില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകരിലും നേതാക്കളിലും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇതുവരെ ഉറപ്പിച്ചിട്ടുണ്ട്. കൊല്ലം സിറ്റിയില്‍ നാലു പേര്‍ക്കും തിരുവനന്തപുരം സിറ്റിയില്‍ മൂന്നു പേര്‍ക്കും തൃശൂര്‍ റൂറലില്‍ രണ്ട് പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് റൂറല്‍, തിരുവനന്തപുരം റൂറല്‍ എന്നീ ജില്ലകളില്‍ ഒരാള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഇത് ഇപ്പോള്‍ ലഭ്യമായ കണക്കുകളാണ്. സമരത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതിന്റെ കൃത്യമായ എണ്ണം തല്‍ക്കാലം ലഭ്യമായിട്ടില്ല. സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കാതെ സമരത്തിനിറങ്ങിയ ഇവരില്‍നിന്ന് എത്ര പേര്‍ക്ക് രോഗം പടര്‍ന്നു എന്നതും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

കാലാവസ്ഥ

സംസ്ഥാനത്ത് പൊതുവെ മഴ കുറഞ്ഞു തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പൊതുവില്‍ അടുത്ത 5 ദിവസവും മിതമായ മഴ മാത്രമേ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുള്ളൂ.

കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ല.