നടിയുടെ കാറിന് മുന്നിൽ മൂത്രമൊഴിച്ചു, ചോദ്യം ചെയ്‌തതിന് അസഭ്യവർഷം: യുവാവ് അറസ്‌റ്റിൽ

അഹമ്മദാബാദ്: നടിയുടെ കാറിന് മുന്നിൽ വച്ച് മൂത്രമൊഴിക്കുകയും അത് ചോദ്യം ചെയ്‌തപ്പോൾ അസഭ്യം പറയുകയും ചെയ്‌തയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഗുജറാത്തി നടിയും മോഡലുമായ മൊണാൽ ഗജ്ജാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഹമ്മദാബാദ് സ്വദേശി കമലേഷ് പട്ടേൽ എന്നയാളെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം നടത്തുക, സ്ത്രീകളോട് അസഭ്യം പറയുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.

മലയാളം, തമിഴ്, തെലുങ്ക്, മറാത്തി ചിത്രങ്ങളിൽ അഭിനയിച്ച മൊണാൽ തന്റെ കസിന്റെ അടുത്തെത്തിയപ്പോഴാണ് സംഭവം നടന്നത്. റോഡിനരികിൽ പാർക്ക് ചെയ്‌ത കാറിന് തൊട്ടു മുന്നിലായി കമലേഷ് മൂത്രമൊഴിക്കുന്നത് കണ്ട മൊണാൽ വണ്ടിയുടെ ഹോൺ അടിക്കുകയായിരുന്നു. എന്നാൽ യാതൊരു പ്രതികരണവുമില്ലാതെ മൂത്രമൊഴിക്കൽ തുടർന്ന കമലേഷ് അതിന് ശേഷം കാറിനരികിലെത്തി ഹോൺ അടിച്ചതിന് മൊണാലിനെ ചോദ്യം ചെയ്‌തു.

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് കുറ്റകരമാണെന്ന് പറഞ്ഞ മൊണാലിനെ കമലേഷ് അസഭ്യം പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അല്ലെങ്കിൽ ഇതെല്ലാം വീഡിയോയിൽ പകർത്തുമെന്നും പറഞ്ഞ മൊണാലിനോട് താൻ എന്തെങ്കിലും ചെയ്‌തോ എന്നായിരുന്നു കമലേഷിന്റെ മറുപടി. തുടർന്ന് സംഭവം വീഡിയോയിൽ പക‌ർത്തി മൊണാൽ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്യുകയായിരുന്നു. വീഡിയ വെെറലായതോടെയാണ് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. വിനയൻ സംവിധാനം ചെയ്‌ത ഡ്രാക്കുള്ള എന്ന മലയാള ചിത്രത്തിലെ നായികയായിരുന്നു മൊണാൽ.