വഴിയാത്രക്കാരനെ ഇടിച്ചിട്ടു നിര്‍ത്താതെ പോയ കാര്‍ സി.സി.ക്യാമറ പിടികൂടി

ന്യൂഡല്‍ഹി: വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ ബി എം ഡബ്ല്യൂ എക്സ് വണ്‍ കാര്‍ ഓടിച്ച വിദ്യാര്‍ഥിയെ സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി.


റോഡ് മുറിച്ച് കടക്കുകയായിരുന്ന ശിവ്നാഥ് എന്ന അമ്പത് വയസ്സുകാരനെയാണ് ഡല്‍ഹി സര്‍വകലാശാലയിലെ ഖല്‍സാ കോളേജ് വിദ്യാര്‍ഥിയായ അനുഭവ് സാഹ്നി ഓടിച്ചിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. അദ്ദേഹം കാറിടിച്ച് തെറിച്ചു വീഴുന്നതിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ശിവ് നാഥ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1.20 ന് വടക്കന്‍ ഡല്‍ഹിയിലെ മൗറിസ് നഗറിലായിയിരുന്നു അപകടം.

അനുഭവിന്റെ സുഹൃത്തുക്കളും കാറില്‍ ഒപ്പമുണ്ടായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി സി ടിവിയില്‍ പതിഞ്ഞിരുന്നു. സി സി ടി വി ദൃശ്യങ്ങളുടെയും ദൃക്സാക്ഷികളുടെയും സഹായത്തോടെയാണ് അനുഭവിനെ പോലീസ് പിടികൂടിയത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.