തോരാത്ത കണ്ണീരിനൊടുവിൽ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവ്…പേര് അഭിമന്യു

അടിമാലി: മഹാരാജാസ് കോളജില്‍ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ സഹോദരിക്ക് ആണ്‍കുഞ്ഞ് പിറന്നു. കുട്ടിക്ക് അഭിമന്യുവെന്ന് പേരിട്ടതായി അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കർ ഫെയ്‌സ്ബുക്കിലൂടെ ഈ വിവരം പങ്കുവച്ചു. സ്‌നേഹസമ്പന്നനായ പ്രിയ രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരന്‍ ഫോണ്‍ വിളിച്ച് എന്നോട് പറഞ്ഞു ‘ ഒരു നല്ല വാര്‍ത്തയുണ്ട് ‘ എന്താണ്; ‘എന്റെ പെങ്ങള്‍ അഭിമന്യുവിന്റെ ചേച്ചി പ്രസവിച്ചു… ആണ്‍കുഞ്ഞ്… രണ്ടര കിലോ തൂക്കമുള്ള കുട്ടിയ്ക്ക് അഭിമന്യു എന്ന് പേരിടണമെന്ന് ഞാന്‍ പറഞ്ഞു…. അതേ ചേച്ചി അങ്ങനെയെ പേരിടൂ…. അടിമാലി താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഒരു വര്‍ഷത്തെ തോരാത്ത കണ്ണീരിനൊടുവില്‍ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവ്…
കഴിഞ്ഞ ആഴ്ച കണ്ണൂരില്‍ അലിഡ ഗുവേര പങ്കെടുത്ത ചടങ്ങില്‍ അഭിയുടെ അമ്മയുമുണ്ടായിരുന്നു. പ്രമുഖ സദസിന് മുന്നില്‍ വച്ച് അലിഡ ആ അമ്മയെ ആദരിച്ചപ്പോഴും ‘ നാന്‍ പെറ്റ മകനെ… എന്‍ കിളിയെ…’ എന്ന ദീനരോദനം വേദിയേയും സദസിനേയും കണ്ണീരില്‍ കുതിര്‍ത്തു…

തോരാത്ത കണ്ണീരിന് ആശ്വസമേകാന്‍ കഴിയട്ടെയെന്‍ പൊന്‍തങ്കക്കുടത്തിന് എന്ന് പറഞ്ഞാണ് അവര്‍ കുറിപ്പ് അവസാനിപ്പിച്ചത്.