അഭിമന്യു വധം: ഗൂഢാലോചനയിൽ കൈവെട്ട് കേസിലെ പ്രതിയും

കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അഭിമന്യുവിന്‍റെ കൊലപാതകക്കേസില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ട് കേസിലെ പ്രതിയ്ക്കും പങ്കെന്ന് പോലീസ്. കൈവെട്ടുകേസിലെ 13-ാം പ്രതി മനാഫ് ഗൂഢാലോചനയിൽ പ്രധാനിയെന്ന് പോലീസ് കോടതിയെ അറിയിച്ചു. പോലീസ് അനാവശ്യമായി കസ്റ്റഡിയിൽ എടുത്തുതുവെന്ന് ആരോപിച്ച് നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കസ്റ്റഡിയിൽ എടുത്തവരുടെ ഭാര്യമാരാണ് കോടതിയെ സമീപിച്ചത്.

പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീർ ആണ്. ഇരുവരും ഒളിവിലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. അന്വേഷണത്തെ എസ്.ഡി.പി.ഐ ക്കാർ തടസ്സപ്പെടുത്തുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഭാര്യമാരുടെ ഫോൺകൾ ഉപയോഗിച് പ്രതികൾ പരസ്പരം ബന്ധപ്പെട്ടതായി പോലീസ് അറിയിച്ചു. കേസിന്റെ സുഗമമായ അന്വേഷണം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് ഹർജിയെന്നും പോലീസ് വാദിച്ചു. അതെ സമയം സ്ത്രീകളെ പോലിസ് സ്റ്റേഷനിലേക്ക് വിളിക്കരുതെന്ന വാദം കോടതി നിരസിച്ചു. ആവശ്യമെങ്കിൽ ഹർജിക്കാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്ന് പോലിസ് നിലപാട് സ്വീകരിച്ചു. പോലിസ് അധികാര പരിധി കടന്നുവെന്ന വാദവും കോടതി തള്ളി.