അഭിമന്യു വധം: അടിച്ചാൽ തിരിച്ചടിക്കണമെന്നായിരുന്നു നിർദേശം; കൈവശം ആയുധം കരുതിയിരുന്നു; അറസ്റ്റിലായ ആദിലിന്റെ മൊഴി

കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അഭിമന്യുവിന്‍റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊഴി പുറത്ത്. ചുവരെഴുത്തിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനിടയാക്കിയതെന്ന് അറസ്റ്റിലായ ആദിലിന്റെ മൊഴി നൽകി.

ചുവരെഴുത്ത് മായിച്ചാൽ വീണ്ടും എഴുതാനായിരുന്നു കാമ്പസ് ഫ്രണ്ട് തീരുമാനം. എതിർത്താൽ തിരിച്ചടിക്കാനും തീരുമാനിച്ചിരുന്നു. അതിനാൽ സംഘടിച്ചാണ് എത്തിയത്.എന്തു വില കൊടുത്തും ചുവരെഴുതാനായിരുന്നു തീരുമാനം. എസ് എഫ് ഐ ക്ക് വഴങ്ങേണ്ടെന്ന് തീരുമാനിച്ചിരുന്നു. അടിച്ചാൽ തിരിച്ചടിക്കുമെന്നായിരുന്നു നിർദേശം അതിനാല്‍ പലരും കൈവശം ആയുധം കരുതിയിരുന്നുവെന്ന് ആദില്‍ മൊഴി നല്‍കി.

കൊലയാളി സംഘത്തിലെ ഒരാള്‍ ഇന്ന് രാവിലെയാണ് പിടിയിലായത്. ആലുവ സ്വദേശിയായ കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമായ ആദിലാണ് അറസ്റ്റിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ പൊലീസ് പിടികൂടുന്നത് ഇതാദ്യമായിട്ടാണ്.