വട്ടവടയുടെ മകന് വീടൊരുങ്ങി: 14ന് മുഖ്യമന്ത്രി കുടുംബസഹായ നിധിയും വീടും കൈമാറും

ഇടുക്കി: മഹാരാജാസ് കോളേജില്‍ വെച്ച് കൊല്ലപ്പെട്ട വട്ടവടയിലെ അഭിമന്യുവിന്റെ കുടുംബത്തിനായി വീട് ഒരുങ്ങി. ഈ മാസം 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തിന് വീടിന്റെ താക്കോല്‍ കൈമാറും. മാതാപിതാക്കളുടെ സംരക്ഷണത്തിനായി സമാഹരിച്ച കുടുംബസഹായ നിധിയും ഈ ദിവസം തന്നെ മുഖ്യമന്ത്രി നല്‍കും.

എസ്.എഫ്.ഐ. ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് എസ്.ഡി.പി.ഐ., ക്യാമ്പസ് ഫ്രണ്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനേയും സംഘം ആക്രമിച്ചിരുന്നു.

അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണവും തുടര്‍ന്നുള്ള ചിലവുകളും സി.പി.ഐ.എം. ഏറ്റെടുക്കുമെന്ന് അന്നുതന്നെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിനായി ജനങ്ങളില്‍ നിന്നും സമാഹരിച്ച പണം കൊണ്ടാണ് കൊട്ടാക്കാമ്പൂരില്‍ വാങ്ങിയ പത്തര സെന്റ് ഭൂമി വാങ്ങി വീട് നിര്‍മിച്ചിരിക്കുന്നത്. കൈമാറ്റ ചടങ്ങില്‍ മന്ത്രി എം.എം. മണി, സി.പി.ഐ.എം. എറണാകുളം ജില്ലാ സെക്രട്ടറി സി. എന്‍. മോഹനന്‍, ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ. ജയചന്ദ്രന്‍ എന്നിവരും .പങ്കെടുക്കും.