മലയാളി നാവികന്‍ അഭിലാഷ് ടോമിയെ നാളെത്തന്നെ രക്ഷിക്കാനാകുമെന്ന് പ്രതീക്ഷ; അഭിലാഷ് എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ വഞ്ചിയുടെ ഉള്ളില്‍ കിടക്കുന്നു

പായ്‌വഞ്ചിയിലെ സാഹസിക ലോകംചുറ്റലിനിടെ ഉള്‍ക്കടലില്‍ വച്ച്‌ അപകടത്തില്‍ പെട്ട നാവികസേനാ കമാന്‍ഡറും മലയാളിയുമായ അഭിലാഷ് ടോമിയെ നാളെത്തന്നെ രക്ഷിക്കാനാകുമെന്ന് പ്രതീക്ഷ. ആസ്ട്രേലിയന്‍ തീരത്തിനടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയ പ്രദേശത്ത് ഫ്രഞ്ച് കപ്പല്‍ നാളെ ഉച്ചയോടെ എത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആസ്‌ട്രേലിയന്‍ നാവികസേനയുടെ കപ്പലുകളും ഇവിടേക്കെത്തും. ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ക്ക് അടുത്ത വെള്ളിയാഴ്‌ച മാത്രമേ ഇവിടേക്ക് എത്താനാകൂ.

ഇന്ത്യന്‍ നേവിയുടെ പി -81 വിമാനം ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പായ്‌വഞ്ചി കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടു. കന്യാകുമാരിയില്‍ നിന്ന് 5020 കിലോമീറ്റര്‍ തെക്കും ആസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 3500 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറും വച്ചാണ് അഭിലാഷിന്റെ വഞ്ചി അപകടത്തില്‍ പെട്ടത്. മൂന്ന് പാമരങ്ങള്‍ ഉള്ള വഞ്ചിയുടെ ഏറ്റവും പിന്നിലെ പാമരം കൊടുങ്കാറ്റില്‍ ഒടിഞ്ഞതോടെ വഞ്ചിയുടെ നിയന്ത്രണം നഷ്ടമായി കടലില്‍ ഒഴുകുകയാണ്. അഭിലാഷ് എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ വഞ്ചിയുടെ ഉള്ളില്‍ കിടക്കുകയാണെന്നാണ് വിവരം.നടുവിന് പരിക്കേറ്റ തനിക്ക് വഞ്ചി നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും സന്ദേശത്തില്‍ അഭിലാഷ് അറിയിച്ചിരുന്നു

120 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റും 10 അടി വരെ ഉയരുന്ന തിരമാലകളും കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.

.

2018 ജൂലായ് ഒന്നിന് ഫ്രാന്‍സില്‍ നിന്ന് 14 രാജ്യങ്ങളിലെ 18 ബോട്ടുകളാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് ആരംഭിച്ചത്. തൂര്യ എന്ന ബോട്ടിലായിരുന്നു ഏഷ്യയില്‍ നിന്നുള്ള ഏക മത്സരാര്‍ത്ഥിയായ അഭിലാഷ്. അവസാന റൗണ്ടില്‍ പത്ത് പേര്‍ ശേഷിക്കെ മൂന്നാമത്തെ പൊസിഷനിലായിരുന്ന അഭിലാഷ് ടോമി 82-ാം ദിവസം മോശം കാലാവസ്ഥയില്‍ പായ് വഞ്ചിയുടെ ഭാഗംതകര്‍ന്ന് അപകടത്തില്‍പ്പെടുകയായിരുന്നു.