മാപ്പ് പറഞ്ഞു പത്രത്തിൽ പരസ്യം നൽകണം; ഗംഭീറിനെതിരെ ആംആദ്മി വക്കീൽ നോട്ടീസയച്ചു

ദില്ലി: കിഴക്കൻ ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ആം ആദ്മി വക്കീൽ നോട്ടീസയച്ചു. എതിർ സ്ഥാനാർത്ഥിയായ എ.എ.എ.പിയുടെ അതിഷിയെ അധിക്ഷേപിക്കുന്ന ലഘുലേഖ ഇറക്കിയെന്ന് ആരോപിച്ചാണ് ആംആദ്മി വക്കീൽ നോട്ടീസയച്ചത്.

മാധ്യമപ്രവർത്തകർക്ക് മുന്നിലാണ് തനിക്കെതിരെ ജാതി അധിക്ഷേപം അടക്കം നടത്തിയെന്ന് ആരോപിച്ച് അതിഷി മെർലീന ഉയർത്തിയ പരാതി തെരഞ്ഞെടുപ്പ് മുഖത്ത് അവസാന മണിക്കൂറുകളിൽ ചൂടേറിയ ചർച്ചയാണ്. മാപ്പ് പറഞ്ഞ് പത്രത്തിൽ പരസ്യം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ആം ആദ്മിയുടെ നിലപാട്. സ്ത്രീകളെ അധിക്ഷേപിക്കുന്ന ബിജെപിയുടെ സ്വഭാവമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് ബിജെപി ആരോപിക്കുന്നു.

അതേസമയം, ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്ന് ഗൗതം ഗംഭീർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം, ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ ഗൗതം ഗംഭീര്‍ വക്കീൽ നോട്ടീസയച്ചിരുന്നു. അ​ര​വി​ന്ദ് കേജരിവാൾ, മ​നീ​ഷ് സി​സോ​ദി​യ, അ​തി​ഷി എ​ന്നി​വ​ർ​ക്കാ​ണ് ഗംഭീര്‍ നോ​ട്ടീ​സ് അ‍​യ​ച്ച​ത്. അപമാനിക്കുന്ന രീതിയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന് എഎപി സ്ഥാനാര്‍ത്ഥി അതിഷി ആരോപിച്ചതിന് പിന്നാലെയാണ് ​ഗംഭീറിന്റെ നടപടി. ഈ ആരോപണം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാണ് ​ഗംഭീറിന്റെ ആവശ്യം.