മുരളീധരൻ പരിഹാസ്യനാകുന്നു., അർഥം അറിയാൻ സെക്രട്ടറിയോട് ചോദിക്കട്ടെ – മന്ത്രി ബാലൻ

തിരുവനന്തപുരം: പ്രവാസി വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എ കെ ബാലൻ. കോംപ്ലിമെന്റ് എന്ന വാക്കിന്റെ അർത്ഥം മുരളീധരന് അറിയില്ലെങ്കിൽ വിദേശകാര്യ സെക്രട്ടറിയോട് ചോദിക്കണമെന്ന് എ കെ ബാലൻ പറഞ്ഞു.
കേരളത്തെ അനുമോദിക്കുന്നു എന്ന് തന്നെയാണ് കത്ത്. വി മുരളീധരൻറെ പ്രസ്താവനകൾ പലപ്പോഴും താൻ ആസ്വദിക്കാറുണ്ടെന്നും മന്ത്രി പരിഹസിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് കേരളത്തിനുള്ള അനുമോദനമല്ലെന്നായിരുന്നു വി മുരളീധരന്റെ വാദം. താൻ വിദേശകാര്യ സഹമന്ത്രിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും, തന്റെ മന്ത്രാലയത്തിൽ നടക്കുന്ന കുറച്ചു കാര്യങ്ങളൊക്കെ അറിയാമെന്നും മുരളീധരൻ പറഞ്ഞു.

കേരളത്തെ സംബന്ധിച്ച വി മുരളീധരന്റെ ആരോപണങ്ങൾ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടാൽ മുരളീധരന് കാര്യങ്ങൾ മനസിലാക്കാമെന്നും മഖ്യമന്ത്രി പറഞ്ഞു. ഇതിന് ശേഷമാണ് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് പ്രവാസി വിഷയത്തിൽ കേരളം സ്വീകരിച്ച നടപടികളെ അനുമോദിച്ച് കത്ത് എത്തിയത്.