കണ്ണേ മടങ്ങുക, ഉള്ളുപൊള്ളുന്ന ഈ കാഴ്ച നമ്മുടെ നാടിന്റെ ദുരന്തമുഖം

മുസഫര്‍പൂര്‍: ഇങ്ങനെ ഒരു കാഴ്ച ആരുടെയും കരളലിയിക്കും. അമ്മ മരിച്ചുകിടക്കുന്നതറിയാതെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ അമ്മയുടെ മേലിട്ടിരുന്ന പുതപ്പ് വലിച്ചുമാറ്റിക്കൊണ്ടിരിക്കുന്ന ഒരു പിഞ്ചുകുട്ടി. ലോക്ക്ഡൗണ്‍ കാലത്തെ അനേകം ദുരന്തചിത്രങ്ങളില്‍ ഒന്നുമാത്രം. ബീഹാറിലെ മുസഫര്‍പൂര്‍ സ്‌റ്റേഷനിലാണ് ഈ കാഴച് ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഇട്ടത്. ഉള്ളുപൊള്ളുന്ന ദൃശ്യം വൈറലായി.
സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന അമ്മ ഉറങ്ങുകയാണെന്നു കരുതി വിളിച്ചുണര്‍ത്തി എഴുനേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് കുഞ്ഞ്. അതിഥി തൊഴിലാളിയായ ഈ സ്ത്രീയുടെ ശരീരം മൂടിയിരിക്കുന്ന തുണിയാണ് പിടിച്ചുവലിക്കുന്നത്. ആ തുണി നീങ്ങുന്നതല്ലാതെ അവന്റെ അമ്മ അനങ്ങുന്നേയില്ല. ചൂടും വിശപ്പും കുടിവെള്ളം കിട്ടായ്കയും കാരണമാണ് അമ്മ മരിച്ചതെന്ന് കരുതുന്നു. മറ്റൊരു കുട്ടിയും അടുത്തുനിന്ന് കളിക്കുന്നത് കാണാമായിരുന്നു.
അവശയായിരുന്നു സ്ത്രീയെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. ഞായറാഴ്ച ഗുജറാത്തില്‍ നിന്നാണ് ഇവര്‍ ട്രെയിന്‍ കയറിയത്. തിങ്കളാഴ്ചയോടെ ട്രെയിന്‍ മുസഫര്‍നഗറിലെത്തി. അവിടെവച്ച് സ്ത്രീ കുഴഞ്ഞുവീണു. പട്ടിണി കിടന്നും ചൂടുസഹിക്കാതെയും ഇതേ സ്റ്റേഷനില്‍ വച്ച് രണ്ടുവയസ്സുള്ള കുഞ്ഞും മരിച്ചിരുന്നു.