സീതാറാം യെച്ചൂരി സിപിഐ എം ജനറൽ സെക്രട്ടറി, 17 അംഗ പി.ബി, 95 അംഗ സിസി,

ഹൈദരാബാദ്; ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ നായകത്വം വീണ്ടും സീതാറാം യെച്ചൂരിക്ക്. അഞ്ചുദിവസമായി ഹൈദരാബാദില്‍ നടന്ന സിപിഐ എം ഇരുപത്തിരണ്ടാം പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 95 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് സീതാറാം യെച്ചൂരിയെ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്‌.

വിശാഖപട്ടണത്ത് 2015 ല്‍ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സെക്രട്ടറിയായത്.17 അംഗ പൊളിറ്റ്ബ്യൂറോയെയും യോഗം തെരഞ്ഞെടുത്തു. എല്ലാ തെരഞ്ഞെടുപ്പും ഏകകണ്ഠമായിരുന്നു. സിസിയില്‍ 19 പേര്‍പുതുമുഖങ്ങളാണ്.

അടിയന്തരാവസ്ഥക്കാലത്തിന്റെ തീച്ചൂടാണ് യെച്ചൂരിയിലെ രാഷ്ട്രീയ പ്രവര്‍ത്തകനെ സ്ഫുടം ചെയ്‌തെടുത്തത്. പി സുന്ദരയ്യയ്ക്കുശേഷം ആന്ധ്രയില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന രണ്ടാമത്തെ നേതാവാണ് അറുപത്തി രണ്ടുകാരനായ യെച്ചൂരി. സര്‍വേശ്വര സോമയാജി യെച്ചൂരി കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് ജനിച്ച സീതാറാം പഠനത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ചു.

ചെന്നൈയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറിക്ക് പഠിക്കുമ്പോള്‍ സിബിഎസ് സി പരീക്ഷയില്‍ രാജ്യത്ത് ഒന്നാംറാങ്ക് നേടിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ബിഎ ഓണേഴ്‌സ് പഠനം. ജെഎന്‍യുവില്‍ എംഎ പൂര്‍ത്തിയാക്കി.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായിരിക്കെ 1974ല്‍ എസ്എഫ്‌ഐ അംഗമായി. അടിയന്തിരാവസ്ഥാ കാലഘട്ടങ്ങളില്‍ കുറെക്കാലം ഒളിവില്‍പ്രവര്‍ത്തിക്കുകയും 1975ല്‍അറസ്റ്റ ചെയ്യപ്പെടുകയും ചെയ്തു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ദില്ലി ജവഹര്‍ലാല്‍നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

1978ല്‍എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം തുടങ്ങിയെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായതോടെ മുടങ്ങി. യെച്ചൂരിയിലും പ്രകാശ് കാരാട്ടിലും ഭാവിയില്‍ സിപിഐ എമ്മിനെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാക്കള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തിയത് ഇ എം എസും സുന്ദരയ്യയുമാണ്.

ലെഫ്റ്റ ഹാന്‍ഡ് ഡ്രൈവ്, വാട്ട് ഈസ് ഹിന്ദു രാഷ്ട്ര, സോഷ്യലിസം ഇന്‍ട്വന്റിഫസ്റ്റ് സെഞ്ചുറി, കമ്യൂണലിസം വേഴ്‌സസ് സെക്യുലറിസം, ഘൃണ കി രാജ്‌നീതി (ഹിന്ദി) തുടങ്ങിയപുസ്തകങ്ങളുടെ രചയിതാവാണ്. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളില്‍ പാണ്ഡിത്യമുണ്ട്.