അവൻ വെങ്കടേഷ്; പാലത്തിന് മുകളിലൂടെ ഓടി ആംബുലൻസിന് വഴി കാട്ടിയവൻ; ധീരബാലന് ധീരതക്കുള്ള പുരസ്‌കാര നിര്‍ദേശം

റായ്ച്ചുര്‍: സമൂഹമാധ്യമങ്ങളിലൂടെ വൈറലായ സംഭവമായിരുന്നു പാലത്തിന് മുകളിലൂടെ ഓടി ആംബുലൻസിന് വഴി കാട്ടിയ ഒരു ബാലന്റെ വീഡിയോ. എന്നാൽ ഈ ബാലൻ ആരാണെന്ന് പലരുംഅന്വേഷിച്ചു. അവസാനം മാധ്യമങ്ങൾ അവനെ കണ്ടെത്തിയിരിക്കുകയാണ്. വെങ്കടേഷ് എന്ന 12 വയസ്സുകാരനാണ് ആ ധീരനായ ബാലൻ.

കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ താലൂക്കില്‍ ഹിരേരായനകുമ്പി ഗ്രാമത്തിലെ ബാലൻ. പാലം വെള്ളത്തില്‍ മുങ്ങിയിട്ടും ആംബുലന്‍സിന് വഴികാണിക്കാനായി പാലത്തിന് മുകളിലൂടെ ഓടിയ അവന് താന്‍ ചെയ്തത് വലിയ കാര്യമാണെന്നൊന്നും തോന്നുന്നില്ല. ആ സമയത്ത് ഡ്രൈവറെ സഹായിക്കണമെന്നത് മാത്രമായിരുന്നു തന്റെ മനസിലുണ്ടായിരുന്നതെന്നാണ് വെങ്കടേഷ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. വെങ്കടേഷിന്റെ ഈ ധീരകൃത്യത്തെ മുന്‍ നിര്‍ത്തി ധീരതക്കുള്ള പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐ.എ.എസ് ഓഫീസര്‍ മണിവണ്ണന്‍ വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന് എഴുതിക്കഴിഞ്ഞു.

മച്ചനൂര്‍ ഗ്രാമത്തില്‍നിന്ന് ആറു കുട്ടികളുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് വെങ്കടേഷ് വഴികാട്ടിയായത്. ഒരു സ്ത്രീയുടെ മൃതദേഹവും ആംബുലന്‍സിലുണ്ടായിരുന്നു. നദിയില്‍ വെള്ളം കൂടി പാലം മൂടിയനിലയിലായിരുന്നു. ഇതുകണ്ടതോടെ ആംബുലന്‍സ് ഡ്രൈവര്‍ മഞ്ജു സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വെങ്കടേഷിനോടും സുഹൃത്തുക്കളോടും സഹായംതേടി. വഴി എങ്ങനെയാണെന്ന് പറഞ്ഞുതരാനാണ് മഞ്ജു ആവശ്യപ്പെട്ടതെങ്കിലും വെങ്കടേഷ് അത് കൃത്യമായി കാണിച്ചുകൊടുക്കുകയായിരുന്നു.

പാലത്തിലൂടെ ആദ്യം അവൻ ഓടുകയും, പിന്നാലെ ആ വഴിയിലൂടെ ആംബുലൻസ് കടക്കുകയായിരുന്നു. പാലത്തിലൂടെ നടക്കുന്നതുപോലും അപകടകരമാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് വെങ്കടേഷ് ആംബുലന്‍സിന് വഴികാട്ടിയായത്.

മാധ്യമങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്കും, പിന്നീട് അവിടെനിന്നും ഇവര്‍ യാഡ്ഗിറിലെ ബാലന്റെ ബന്ധുവീട്ടിലേക്ക് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വെങ്കടേഷിനെ കണ്ടെത്തിയത്. രണ്ടുവര്‍ഷം മുന്‍പ് നദിയില്‍ മുങ്ങിപ്പോയ ഒരു സ്ത്രീയെ വെങ്കടേഷ് രക്ഷപ്പെടുത്തിയിരുന്നുവെന്ന് സഹോദരൻ ഭീമാരയ്യ പറഞ്ഞു.