ഉദയംപേരൂര്‍ കസ്റ്റഡി മരണം: ഷെഫീഖിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം

ഉദയംപേരൂര്‍ കസ്റ്റഡി മരണത്തില്‍ ദുരൂഹത പോസ്റ്റ്‌മോര്‍ട്ടം പരിശോധന പൂര്‍ത്തിയായപ്പോഴും അവസാനിക്കുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
തലയിലെ പരിക്കിനെ തുടര്‍ന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായതെന്ന് പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. അതേസമയം പരിക്ക് വീഴ്ച മൂലമോ മര്‍ദ്ദനം മൂലമോ എന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. ഇതിനായി ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിക്കണം. ഷെഫീക്കിന്റെ ശരീരത്തില്‍നിന്നും സാമ്ബിള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം പുറത്തു വന്നാല്‍ മരണം കൊലപാതകമാണോ എന്ന് വ്യക്തമാകും.
തലയിലെ പരിക്ക് കൂടാതെ നെറ്റിയിലും ഒരു മുറിവുണ്ട്. മറ്റ് ശരീരഭാഗങ്ങളില്‍ എവിടെയും കാര്യമായ മുറിവുകളോ ക്ഷതങ്ങളോ ഇല്ല എന്നാണ് ഫോറന്‍സിക്ക് പരിശോധനയില്‍ കണ്ടെത്തിയത്. മരണകാരണം മറ്റ് രോഗങ്ങള്‍ മൂലം അല്ല എന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. തലയിലെ പരിക്കില്‍ നിന്നും ആണ് തലച്ചോറിനുള്ളില്‍ രക്തം കട്ട പിടിച്ചത്. ഇതാണ് വേഗത്തിലുള്ള മരണത്തിലേക്ക് നയിച്ചത്.