ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ നാളെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. നാളെ രാവിലെ പത്ത് മണി മുതല്‍ മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത്. ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെയോടെ കേരളത്തിലെത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെത്തുമ്‌ബോള്‍ അതീ തീവ്ര ന്യൂനമര്‍ദമായി ശക്തി കുറയുമെന്നാണ് പ്രവചനം ഉള്ളത്. തെക്കന്‍ കേരളത്തില്‍ ഇന്നു രാത്രി മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ നിരവധി വിമാനങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു. ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി വിമാനങ്ങളാണ് റദ്ദാക്കിയത്. തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാടിന്റെ തീരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതിനിടെ കേരള തീരത്ത് ബുറേവി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ പുറപ്പെടുവിച്ചിരുന്ന ചാഴലിക്കാറ്റിന്റെ ഓറഞ്ച് അലര്‍ട്ടാണ് റെഡ് അലര്‍ട്ടായി ഉയര്‍ത്തിയത്. കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തതോടെയാണ് മുന്നറിയിപ്പില്‍ മാറ്റം വരുത്തിയത്.
അടിയന്തര സാഹചര്യം നേരിടാന്‍ എട്ടു കമ്ബനി എന്‍ഡിആര്‍എഫ് സംഘം സംസ്ഥാനത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുണ്ടള, ഷോളയാര്‍ അണക്കെട്ടുകല്‍ക്ക് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കുണ്ടളയില്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കി കളയുകയാണ്. മാട്ടുപ്പെട്ടി, ആനയിറങ്കല്‍ അണക്കെട്ടുകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, പൊന്മുടി, പെരിങ്ങല്‍കുത്ത് അണക്കെട്ടുകള്‍ക്ക് ബ്ലൂ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.