2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നാളെ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ അവതരിപ്പിക്കുന്ന സമ്ബൂര്‍ണ ബജറ്റില്‍ വാഗ്ദാനങ്ങള്‍ ഏറെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയ്ക്കു വേണ്ടിയുള്ള വാഗ്ദാനങ്ങളും വന്‍കിട പദ്ധതികളുമായിരിക്കും ബജറ്റില്‍ ഇടംപിടിക്കുക. ധനാഭ്യര്‍ഥനകള്‍ വിശദമായി ചര്‍ച്ചചെയ്ത് അംഗീകരിക്കാന്‍ സമയമില്ലാത്തതിനാല്‍ അടുത്ത നാല് മാസത്തെ ചെലവുകള്‍ക്കുള്ള വോട്ടോണ്‍ അക്കൗണ്ടാവും പാസാക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റാണ് ഇതെന്നതും ശ്രദ്ധേയമാണ്.
കൊവിഡ് കാലം പൂര്‍ണമായും മാറിയില്ലെങ്കിലും ഇതുസംബന്ധിച്ച തുടര്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. കേന്ദ്രസര്‍ക്കാര്‍ കൊവിഡ് സെസ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അധിക നികുതികള്‍ ഏര്‍പ്പെടുത്തുമെന്ന് തിരിച്ചറിഞ്ഞ് അതില്‍നിന്നു പിന്‍ാമാറാനാണു സാധ്യത. കൊവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി മറികടക്കാനുമുള്ള പ്രധാന നിര്‍ദേശങ്ങളാണ് ബജറ്റില്‍ നിന്നു പൊതുജനം പ്രതീക്ഷിക്കുന്നത്. ഇതിന് ഉത്തരം വെള്ളിയാഴ്ച നിയമസഭയിലുണ്ടാകുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞിട്ടുണ്ട്.
ക്ഷേമ പദ്ധതികള്‍ക്കൊപ്പം ആരോഗ്യകാര്‍ഷിക മേഖലയ്ക്കു മുന്‍തൂക്കം നല്‍കുന്നതായിരിക്കും ബജറ്റെന്നാണു സൂചനകള്‍. പ്രത്യേകിച്ച് കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച കാര്യങ്ങളിലും പ്രഖ്യാപനങ്ങളിലുണ്ടായേക്കും. മറ്റൊരു പ്രധാന പ്രശ്‌നം കാര്‍ഷിക മേഖലയിലാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് ഒരു മാസത്തിലേറെയായി പ്രക്ഷോഭത്തിലാണ്. അതിനാല്‍ തന്നെ കര്‍ഷകര്‍ക്ക് മികച്ച താങ്ങുവിലയും, ഉല്‍പ്പന്ന സംഭരണ, സംസ്‌കരണ സംവിധാനങ്ങളും ഉറപ്പാക്കാന്‍ സാധ്യതയേറെയാണ്. കെഫോണ്‍, ഇവെഹിക്കിള്‍ വ്യാപനം, എല്‍എന്‍ജി സാധ്യത ഉപയോഗപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ വലിയ പ്രോല്‍സാഹനം നല്‍കാനാണു സാധ്യത. ഇത്തരത്തില്‍ തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള വാഗ്ദാന ബജറ്റായിരിക്കും നാളെ അവതരിപ്പിക്കപ്പെടുക എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.