സിസ്റ്റര്‍ അഭയ കേസില്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയ ഫാ.മാത്യു നായ്ക്കാംപറമ്ബലിനെതിരെ കന്യാസ്ത്രീസമൂഹം

തിരുവനന്തപുരം: അഭയ കൊല്ലപ്പെട്ടതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണുമരിച്ചതാണെന്നുമുള്ള ഫാ.മാത്യു നായ്ക്കാംപറമ്ബലിന്റെ പ്രസ്താവനക്കെതിരെയാണ് രൂക്ഷവിമര്‍ശനവുമായി കന്യാസ്ത്രീ സമൂഹം രംഗത്ത് എത്തിയത്. ‘അഭയക്കൊപ്പം ഞാനും’എന്ന കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ ടീന ജോസ് സി.എം.സിയാണ് ഫാ. മാത്യു നായ്ക്കാംപറമ്ബിലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സിസ്റ്റര്‍ അഭയക്കായി കലണ്ടര്‍ തയ്യാറാക്കിയത് സി.ടീനയായിരുന്നു.
എങ്ങനെയെങ്കിലും കുറ്റവാളികളെ രക്ഷിച്ചേ മതിയാകൂ എന്ന അഭിനിവേശവുമായി സഭ രംഗത്തിറങ്ങിയിരിക്കുകയാണ് എന്നാണ് ഫാ.മാത്യു നായ്ക്കാംപറമ്ബലിന്റെ പ്രസ്താവനയില്‍ നിന്നും മനസ്സിലാകുന്നത്. അഭയയുടെ ആത്മാവ് പ്രത്യക്ഷപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെല്ലാം ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോട്ടൂരിനെയും സെഫിയെയും രക്ഷിക്കാനുള്ള കുതന്ത്രമാണ്. എത്രയോ ബീഭത്സവും വൃത്തികെട്ടതുമായ രീതിയാണ് സഭ ഇപ്പോഴും അവലംബിക്കുന്നത് എന്നോര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന് സി.ടീന പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സിസ്റ്ററുടെ പ്രതികരണം.
‘നായ്ക്കാംപറമ്ബിലച്ചന്‍ എന്ന് ഇപ്പോള്‍ വിളിക്കാന്‍ തോന്നുന്നില്ല. പണ്ടത്തെ ബഹുമാനം ഇപ്പോഴില്ല. ഫ്രാങ്കോയെ കാണാന്‍ പോയപ്പോഴേ ആ ബഹുമാനം പോയി. കുറ്റവാളികളായ അച്ചന്മാരെയും കന്യാസ്ത്രീകളെയും രക്ഷപ്പെടുത്താനായി ഓടിനടക്കുന്ന ധ്യാനഗുരുവാണ് അദ്ദേഹം. നിരപരാധികളായ കൊല ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി അച്ചന്‍ ഒരിക്കലും രംഗത്ത് വന്നിട്ടില്ല. സഭയെ അധപതിപ്പിച്ച് മുന്നോട്ടുനീങ്ങുന്ന രീതിയാണ് എന്നും അദ്ദേഹം ചെയ്യുന്നത്.’ സി.ടീന പറഞ്ഞു.