അമ്മയില്ലാത്ത പെണ്‍കുട്ടിയെ മൂവായിരം രൂപയ്ക്ക് ഇരുപത്തിയൊന്നുകാരന് വിറ്റ് പിതാവ്

റായ്പൂര്‍ : രണ്ട് വര്‍ഷം മുമ്പ് അമ്മയില്ലാത്ത പെണ്‍കുട്ടിയെ മൂവായിരം രൂപയ്ക്ക് ഇരുപത്തിയൊന്നുകാരന് വിറ്റ് പിതാവ്. തന്റെ വീട്ടില്‍ ജോലി നല്‍കാമെന്ന് വാഗ്ദ്ധാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ വാങ്ങിയത്. ഛത്തീസ്ഗണ്ഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം നടന്നത്.
എന്നാല്‍ ഇരുപത്തിയൊന്നുകാരന്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ തെരുവില്‍ ഉപേക്ഷിക്കുകയും ചെയ്തു.സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ഇപ്പോഴും സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മോചിതയായിട്ടില്ല. താനനുഭവിച്ച പീഡനങ്ങളെക്കുറിച്ച് അഞ്ച് മാസത്തെ കൗണ്‍സിലിംഗിന് ശേഷമാണ് അവള്‍ അധികൃതരോട് വെളിപ്പെടുത്തിയത്. പട്ടിണിയിലായ പെണ്‍കുട്ടിയെ മേയ് മാസത്തിലാണ് വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. ആരോഗ്യവാനായ ഒരു കുഞ്ഞിന് അവള്‍ ജന്മം നല്‍കി. ബിലാസ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ മാസം റായ്ഗഡിലെ ‘സഖി’ കേന്ദ്രത്തിലേക്ക് മാറ്റി.