പാലത്തായി പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിയുടെ ഭാര്യ; പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുശേഖരണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പരാതി

കണ്ണൂര്‍: പാലത്തായി പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. കണ്ണൂര്‍ പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന്‍ സ്‌കൂളില്‍വെച്ചും പുറത്തുവെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. തുടക്കം മുതല്‍ അന്വേഷണം ഇഴഞ്ഞുനീങ്ങിയ കേസില്‍ ജനകീയ ഇടപെടലിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, പോക്‌സോ ഒഴിവാക്കി നിസ്സാര വകുപ്പുകള്‍ മാത്രം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചതിലൂടെ പ്രതി ജാമ്യത്തിലിറങ്ങി. കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഐ.ജി എസ് ശ്രീജിത്ത് ഇരയെ അധിക്ഷേപിച്ചും പ്രതിക്ക് അനുകൂലമായും നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നത് വലിയ വിവാദമായിരുന്നു.
തുടര്‍ന്ന്, കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും പ്രതിയെ സംരക്ഷിക്കുന്നുവെന്നും ചൂണ്ടികാട്ടി പെണ്‍കുട്ടിയുടെ അമ്മ ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും പുതിയ സംഘത്തെ നിയോഗിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തളിപറമ്ബ് ഡിവൈ.എസ്.പി രത്‌നകുമാറിന് അന്വേഷണ ചുമതല നല്‍കിയത്. എ.ഡി.ജി.പി ജയരാജനാണ് മേല്‍നോട്ട ചുമതല.
പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുശേഖരണവുമായി മുന്നോട്ട് പോകുന്നത് പ്രതിയെ തുടക്കം മുതല്‍ സംരക്ഷിച്ച ബി.ജെ.പി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗാമയാണ് അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്ന ആവശ്യവുമായി ജില്ലാ നേതൃത്വം തന്നെ രംഗത്തെത്തിയത്. പോക്‌സോ അടക്കം ചുമത്തുമെന്ന തിരിച്ചറിവാണ് പ്രതിയുടെ ഭാര്യയെ കൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. മതമൗലികവാദികളുടെ ആവശ്യത്തിനനുസരിച്ച് ഭരണപക്ഷം പാലത്തായി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബി.ജെ.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇപ്പോള്‍ അന്വേഷിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരാണെന്നും ഇവര്‍ ആരോപിക്കുന്നു.
തളിപ്പറമ്ബ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ലന്നും മേല്‍നോട്ട ചുമതലയുള്ള എ.ഡി.ജി.പി ജയരാജന്‍ വകുപ്പ്തല നടപടി നേരിട്ടയാളാണെന്നും ബി.ജെ.പി ആരോപിക്കുന്നു.