നടിയെ ആക്രമിച്ച കേസ്… വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിച്ചു

ഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറുമാസം കൂടി സമയം നീട്ടി നല്‍കി. ഇത് അവസാന അവസരമാണെന്നും ഇനിയൊരു അവസരം ഉണ്ടാകില്ലെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനം. കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആയിരുന്നു 2019 നവംബര്‍ 29 ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ കോവിഡും ലോക്‌ഡോണും കാരണം വിചാരണ നടപടി നീണ്ടു പോയിരുന്നു. ഇത് രണ്ടാം തവണ ആണ് വിചാരണ പൂര്‍ത്തിയാക്കാന്‍ ഉള്ള സമയം സുപ്രീം കോടതി നീട്ടി നല്‍കുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിര്‍ദേശിച്ച സമയത്തിന് ഉള്ളില്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണം എന്നും കോടതി നിര്‍ദേശിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ച് കൊണ്ട് ആഗസ്ത് മാസത്തിന് ഉള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണം എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി പുറത്ത് ഇറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാകേണ്ടത് ആയിരുന്നു. എന്നാല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിശ്ചിത സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കുന്നു.