ജാതിസംവരണം സംബന്ധിച്ചും സാമൂഹ്യനീതിയെക്കുറിച്ചും യാതൊരു വിവരവും ഉള്ളവരല്ല സിപിഐഎമ്മുകാര്‍; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനെ വിമര്‍ശിച്ച് പിന്നാക്ക വിഭാഗ വകുപ്പ് മുന്‍ ഡയറക്ടര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് മുന്നാക്ക സംവരണം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലിട്ട കുറിപ്പിനെ വിമര്‍ശിച്ച് പിന്നാക്ക വിഭാഗ വകുപ്പ് മുന്‍ ഡയറക്ടര്‍ വി ആര്‍ ജോഷി. പോസ്റ്റിലെ ‘ഒരു വിധ സംവരണത്തിനും അര്‍ഹതയില്ലാത്ത പൊതു വിഭാഗത്തിലെ സാമ്ബത്തിക പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ‘ എന്ന പരാമര്‍ശം വന്‍ വിവാദമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ത്തിയത്. ഈ പരാമര്‍ശത്തെ തന്നെയാണ് വി ആര്‍ ജോഷിയും ചോദ്യം ചെയ്യുന്നത്.
ജാതിസംവരണം സംബന്ധിച്ചും സാമൂഹ്യനീതിയെക്കുറിച്ചും യാതൊരു വിവരവും ഉള്ളവരല്ല സിപിഐഎമ്മുകാര്‍ എന്നും ചില സവര്‍ണ സമുദായക്കാര്‍ എഴുതിക്കൊടുക്കുന്ന കാര്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും ഛര്‍ദ്ദിച്ചു വയ്ക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നും ജോഷി വിമര്‍ശിക്കുന്നു.
യാതൊരുവിധ സംവരണത്തിലും ഉള്‍പ്പെടാത്തവര്‍ എന്നായിരിക്കാം മുഖ്യമന്ത്രി ഉദ്ദേശിച്ചത്. അത് എഴുതി കൊടുത്തവര്‍ അറിയാതെയാണെങ്കിലും സത്യം എഴുതിപ്പോയി. എത്ര സമര്‍ഥനായ കുറ്റവാളി ആണെങ്കിലും ഒരു കുറ്റം ചെയ്തു കഴിഞ്ഞാല്‍ എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിക്കും എന്നാണ് ഇതുവരെ കണ്ടിട്ടുള്ളത്. ആ തെളിവ് സ്വയം തിരിച്ചറിഞ്ഞ് ഒരു അര്‍ഹതയുമില്ലാത്ത മുന്നോക്ക ജാതിക്കാര്‍ക്ക് ഉദ്യോഗ മേഖലയില്‍ സംവരണം നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്തിരിയണമെന്ന് ജോഷി പറയുന്നു.