സവാള വില നിയന്ത്രിക്കാന്‍ കിലോയ്ക്ക് 45 രൂപ നിരക്കില്‍ ഹോര്‍ട്ടികോര്‍പ്പു വഴി നല്കാന്‍ തീരുമാനമെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ കിലോയ്ക്ക് 45 രൂപ നിരക്കില്‍ ഹോര്‍ട്ടികോര്‍പ്പു വഴി നല്കാനാണ് തീരുമാനമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് നാഫെഡില്‍ നിന്ന് ആദ്യഘട്ടമായി 75 ടണ്‍ സവാള എത്തി. മന്ത്രി നാഫെഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
വിപണിയില്‍ കിലോഗ്രാമിന് 120 രൂപവരെയാണ് നിലവിലെ വില. ചെറിയ ഉള്ളിക്കും വില 100 കടന്നു. രാജ്യമെമ്ബാടും ഉള്ളിവില കുതിച്ചുയര്‍ന്നു. മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നതാണ് ഈ ഗതിയിലെത്തിച്ചത്. ഏറ്റവും വലിയ ഉള്ളിവിപണിയായ നാസിക്കില് കിലോയ്ക്ക് 71 രൂപയാണ് വില. ഉള്ളിക്കൃഷിയുടെ പ്രധാന കേന്ദ്രങ്ങളായ കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ പ്രളയമാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്.