മകന്‍റെ മൃതദേഹവുമായി മലേഷ്യ വിമാനത്താവളത്തിൽ ഒറ്റയ്ക്കായ അമ്മയ്ക്ക് സഹായവുമായി സുഷമ

കോലാലംപൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് മരിച്ച മകന്റൈ മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട സ്ത്രീയ്ക്ക് സഹായവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജിനോട് സഹായമഭ്യര്‍ത്ഥിച്ച് മരിച്ചയാളുടെ സുഹൃത്ത് എത്തിയത്.

ഓസ്‌ട്രേലിയയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ കോലാലംപൂരില്‍ വച്ച് മരിച്ച തന്റെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും അയാളുടെ അമ്മ എന്ത് ചെയ്യണമെന്നറിയാതെ വിമാനത്താവളത്തില്‍ തനിച്ചാണെന്നുമായിരുന്നു സുഷമ സ്വരാജിന് ലഭിച്ച ട്വീറ്റ്.

ട്വീറ്റ് ലഭിച്ചതോടെ കോലാലംപൂരിലെ ഇന്ത്യന്‍ ഹൈകമ്മീഷനുമായി ബന്ധപ്പെട്ട് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ മന്ത്രി ഉറപ്പ് വരുത്തി. സര്‍ക്കാര്‍ ചെലവില്‍ മൃതദേഹം ഇന്ത്യയയിലെത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അമ്മയെയും മകന്റെ മൃതദേഹത്തെയും മലേഷ്യയില്‍നിന്ന് ചെന്നൈയിലെത്തിക്കാന്‍ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്ന് സുഷമ സ്വരാജ് പിന്നീട് ട്വീറ്റ് ചെയ്തു.