ഉറപ്പല്ല, അറപ്പാണ് എല്‍ഡിഎഫ് എന്ന് പരിഹസിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഏറെ പരിഹസിക്കപ്പെടുകയാണ്. ഇപ്പോള്‍ പ്രചരണത്തിന്റെ മുദ്രാവാക്യത്തെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘ഉറപ്പല്ല, അറപ്പാണ് എല്‍.ഡി.എഫ്’ എന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം. പിന്നാലെ ട്രോളന്‍മാരും സംഘപരിവാര്‍ അനുകൂലികളും സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇതേറ്റു പിടിക്കുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിനൊപ്പം പുതിയ വാചകം അടങ്ങിയ പരസ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. പുതിയ ടാഗ്‌ലൈനോടെയുള്ള ബോര്‍ഡുകളും സംസ്ഥാനമാകെ സ്ഥാപിച്ചു തുടങ്ങി.
എ.കെ.ജി സെന്ററില്‍ നടന്ന ചടങ്ങില്‍ എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവനില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് ഔപചാരികമായി ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്ന തിരഞ്ഞെടുപ്പു പ്രചാരണ വാചകത്തിന്റെ ലോഗോ ഏറ്റുവാങ്ങിയത്. പിന്നാലെ ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്ന പരസ്യവാചകം സാമൂഹിക മാദ്ധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുകയും ചെയ്തു. നടപ്പാക്കിയ വികസന പദ്ധതികളുടെ തുടര്‍ച്ചയായി വീണ്ടും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണു പുതിയ പ്രചരണ വാചകമെന്നാണ് വിജയരാഘവന്‍ പറയുന്നത്.