ദർശനത്തിനായി എത്തിയ യുവതികളെ പമ്പയിൽ തടഞ്ഞു; മൂന്നുപേർ അറസ്റ്റിൽ

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ടു സ്ത്രീകളെ പ്രതിഷേധത്തേത്തുടര്‍ന്ന് തിരിച്ച് പമ്പയിലെത്തിച്ചു. മരക്കൂട്ടത്തുവെച്ചാണ് ഇവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. ആന്ധ്ര സ്വദേശികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.

ഉച്ചയോടെയാണ് ഇവര്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയത്. ആദ്യം എത്തിയ യുവതി ഡോളിയിലാണ് മരക്കൂട്ടം വരെ എത്തിയത്. നവോദയ എന്നാണ് ഇവരുടെ പേര്. ഇവര്‍ക്ക് 38 വയസ്സുണ്ടെന്നാണ് കരുതുന്നത്. രണ്ടാമത്തെ സ്ത്രീയുടെ പ്രായം എത്രയാണെന്ന് വ്യക്തമല്ല.

പ്രതിഷേധമുയര്‍ന്നതോടെ പോലീസ് എത്തിയാണ് ഇവരെ പമ്പയിലേക്ക് കൊണ്ടുപോയത്. പിന്നീട് ഇവരെ പോലീസ് കണ്ട്രോള്‍ റൂമിലേക്ക് മാറ്റി. യുവതികള്‍ പോലീസ് കാണാതെ എങ്ങനെ മരക്കൂട്ടം വരെയെത്തി എന്നത് വ്യക്തമല്ല. ഇവരെ തടഞ്ഞ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശികളായ സുഭാഷ്, സന്തോഷ്, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്.