അരൂർ പിടിച്ചടക്കി ഷാനിമോൾ; 2029 വോട്ടുകളുടെ ഭൂരിപക്ഷം

അരൂരില്‍ നിന്ന് ജയിച്ചുകയറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍. 2000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാനിമോളിന്റെ വിജയം. ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റാണ് ഷാനിമോള്‍ പിടിച്ചെടുത്തത്. 2029 വോട്ടുകളുടെ മാത്രം ഭൂരിപക്ഷമാണ് ഷാനിമോൾ നേടിയത്. കടുത്ത തിരിച്ചടിയാണ് അരൂരിൽ എൽഡിഎഫിന് ഉണ്ടായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന ഏക സിറ്റിംഗ് സീറ്റിലെ പരാജയം കോന്നിയിലെയും വട്ടിയൂർക്കാവിലെയും മിന്നും ജയത്തിന്‍റെ പ്രഭയ്ക്ക് മങ്ങലേൽപ്പിക്കുന്നത് തന്നെയാണ്.

കെ.ആര്‍ ഗൗരിയമ്മയില്‍ നിന്ന് ആരിഫ് പിടിച്ചെടുത്ത മണ്ഡലം ഷാനിമോള്‍ ഉസ്മാനിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തിരിക്കുകയാണ്.

അരൂരിലെ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മുന്നോട്ട് വരാന്‍ സാധിച്ചിരുന്നില്ല. എല്‍.ഡി.എഫിന് മേല്‍ക്കൈ ഉള്ള പ്രദേശങ്ങളിലും ഷാനിമോളാണ് നേരിയ ലീഡ് നിലനിര്‍ത്തിയത്.

തുടക്കം മുതല്‍ തന്നെ ഷാനിമോള്‍ ഉസ്മാന് അരൂരില്‍ വോട്ടുനിലയില്‍ ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ വ്യക്തമായ ലീഡ് പറയാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ ഫോട്ടോഫിനിഷിങ്ങിലേക്ക് അടക്കം അരൂര്‍ നീങ്ങിയിരുന്നു.