ഷാരൂഖ് ഖാൻ ആറ്റ്‌ലിയ്ക്കൊപ്പം ഒന്നിക്കുന്ന പുതിയ ചിത്രം

അഭിനയത്തിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുന്ന കിംഗ് ഖാന്റെ അടുത്ത ചിത്രത്തെക്കുറിച്ച് തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ ഹരീഷ് ശങ്കർ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന പ്രോജക്ടിനെക്കുറിച്ച് ഒരു വാര്‍ത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

വിജയ് ചിത്രം ബിഗിലിന്റെ പബ്ലിസിറ്റിക്കായുള്ള വാര്‍ത്താസമ്മേളനമായിരുന്നു അത്. ബിഗില്‍ സംവിധായകന്‍ ആറ്റ്‌ലിക്കൊപ്പമുള്ള ഷാരൂഖ് ചിത്രത്തിന്റെ കാര്യം ഉറപ്പിച്ചിരിക്കുകയാണെന്നാണ് ഹരീഷ് പറഞ്ഞത്.

‘ഒരു ആരാധകന്‍ എന്ന നിലയില്‍ ഈ സിനിമയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. ആറ്റ്‌ലി സാര്‍ കിംഗ് ഖാന്‍ ചിത്രം സംവിധാനം ചെയ്യാന്‍ പോവുകയാണ്. എസ്ആര്‍കെയുടെയും വലിയ ആരാധകനാണ് ഞാന്‍. അതിനാല്‍ ഈ കോമ്പിനേഷന്‍ ഒന്നിക്കുന്ന സിനിമയ്ക്കുവേണ്ടി വലിയ കാത്തിരിപ്പിലാണ്. നിങ്ങളുടെ എല്ലാ പുതിയ പ്രോജക്ടുകള്‍ക്കും ആശംസകള്‍ (ആറ്റ്‌ലിയോട്)’, ഹരീഷ് ശങ്കര്‍ പറഞ്ഞു.

ആറ്റ്‌ലി തമിഴില്‍ ചെയ്ത സിനിമകളുടെ റീമേക്ക് ആവില്ല ഇതെന്നും ഒറിജിനല്‍ സ്‌ക്രിപ്റ്റ് ആയിരിക്കുമെന്നും അറിയുന്നു. ഇത് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമെന്നും തിരക്കഥ ആറ്റ്‌ലി ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.