കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരുമെന്ന് രാഹുല്‍ഗാന്ധി

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തുടരുന്ന പ്രക്ഷോഭം വിജയിക്കുകതന്നെ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. തന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂവെന്നും രാഹുല്‍ മധുരയില്‍ പറഞ്ഞു. ‘എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, കര്‍ഷക വിരുദ്ധ നിയമം സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരും’ എന്ന കുറിപ്പോടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചു. കേന്ദ്രത്തിന്റെ രണ്ടോ മൂന്നോ ചങ്ങാതിമാര്‍ക്ക് വേണ്ടി കര്‍ഷകരെയും പ്രക്ഷോഭത്തെയും തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. കര്‍ഷകരുടേതായിട്ടുള്ളതെല്ലാം കുത്തകകള്‍ക്ക് നല്‍കാനാണ് നീക്കം. ഇപ്പോള്‍ നടക്കുന്നതിനെ അവഗണനയെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.